യുദ്ധത്തിൽ നിരന്തരം കുട്ടികളുടെ അവകാശം ലംഘിച്ചതിന് ഇസ്രയേലിനെയും ഹമാസിനെയും കരിമ്പട്ടികയിൽപ്പെടുത്താൻ ഐക്യരാഷ്ട്രസഭ നീക്കം. ഇസ്‌ലാമിക് ജിഹാദിനെയും ഇതേകാരണത്തിന് കരിമ്പട്ടികയിൽപ്പെടുത്താൻ തീരുമാനമുണ്ട്. ഇതിന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് രക്ഷാസമിതിയോട് അടുത്തയാഴ്ച ശുപാർശചെയ്യും. ശുപാർശയിൽ നടപടിയെടുക്കണോ എന്നുനിശ്ചയിക്കുന്നത് രക്ഷാസമിതിയാണ്.
കരിമ്പട്ടികയിൽപ്പെടുത്തേണ്ട രാജ്യങ്ങളിലുണ്ടെന്ന വിവരം ഗുട്ടെറസിന്റെ ഓഫീസ് ഇസ്രയേലിന്റെ യു.എൻ. സ്ഥാനപതി ഗിലാദ് എർദനെ വെള്ളിയാഴ്ച അറിയിച്ചു. യു.എൻ. സെക്രട്ടറി ജനറലിന്റെ ഓഫീസ് ഓരോ വർഷവും ഇറക്കുന്ന ‘കുട്ടികളും സായുധസംഘർഷവും’ റിപ്പോർട്ടിന്റെ ഭാഗമാണ് കരിമ്പട്ടിക. റിപ്പോർട്ട് ഈമാസം 18-നേ പുറത്തിറങ്ങൂ.
ഉറ്റ സഖ്യകക്ഷിയും രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള രാജ്യവുമായ യു.എസിന് ഇസ്രയേലിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നതിൽ താത്പര്യമില്ല.നാണംകെട്ട തീരുമാനമെന്നാണ് ഇസ്രയേലിന്റെ യു.എൻ. സ്ഥാനപതി ഗിലാദ് എർദൻ പ്രതികരിച്ചത്.
“ഹമാസിന്റെ അസംബന്ധവാദങ്ങൾ അംഗീകരിച്ച യു.എൻ., ചരിത്രത്തിന്റെ കരിമ്പട്ടികയിൽ തങ്ങളെത്തന്നെ ഉൾപ്പെടുത്തിയെ”ന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ലോകത്ത് ഏറ്റവും ധാർമികത പുലർത്തുന്ന സൈന്യമാണ് ഇസ്രയേലിന്റേതെന്നും യു.എൻ. സെക്രട്ടറി ജനറലിന്റെ തീരുമാനം കൊണ്ടുമാത്രം അത് മാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: തൃശ്ശൂർ ഡി സി സി ഓഫീസിലെ കൂട്ടത്തല്ല്; ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് എതിരെ കേസ്