ന്യൂഡൽഹി : ട്രെയിനിൽ യാത്ര ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാധാരണ യാത്രക്കാരനായി ടിക്കറ്റുമായി ടിടിഇയ്‌ക്ക് മുൻപിൽ. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് ബലേശ്വറിലേക്കായിരുന്നു യാത്ര. ട്രെയിൻ യാത്രയ്‌ക്കിടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം യാത്രക്കാരോട് ചോദിച്ചറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചു. വീഡിയോയിൽ ടിക്കറ്റ് ടിടിഇയെ കാണിക്കുന്നതും, സഹയാത്രികരുമായി ഇടപഴകുന്നതും കാണാം . ഒട്ടേറെ പേരാണ് അശ്വിനി വൈഷ്ണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് .
ഒഡീഷയിലെ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തെക്കുറിച്ച് സംസാരിച്ച അശ്വിനി വൈഷ്ണവ്, സുന്ദർഗഡ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് പുനർ വികസിപ്പിക്കുമെന്നും പറഞ്ഞിരുന്നു . ബിംലാഗഡ്, രാജ്ഗംഗ്പൂർ, പൻപോഷ്, റൂർക്കേല, ഹേംഗിർ എന്നിവ ലോകോത്തര റെയിൽവേ സ്റ്റേഷനുകളായി മാറുമെന്ന് ബോണായി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.









