കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെത്തി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്.(Union Minister Suresh Gopi at wayanad)
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിച്ച ശേഷം 11 മണിയോടെ അദ്ദേഹം മേപ്പാടിയിലെ മിലിറ്ററി ക്യാമ്പിലെത്തി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം അദ്ദേഹം വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കാണും. സംസ്‌കാരം നടക്കുന്ന പൊതുശ്മശാനത്തില്‍ക്കൂടി എത്തിയ ശേഷം അദ്ദേഹം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.









