ന്യൂഡൽഹി: രാജ്യത്തെ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പത്തു ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഓരോ വർഷവും ഒരു ലക്ഷം വിദ്യാർഥികൾക്ക് ഇതിന് ഈ വൗച്ചർ നൽകും. പലിശയിൽ മൂന്നു ശതമാനം വരെ ഇളവാണ് ഇതിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.(union budget 2024; education loan)
വിദ്യാഭ്യാസത്തിനും തൊഴിൽ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. അഞ്ചു വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്കു തൊഴിൽ നൈപുണ്യം ഉറപ്പു വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചു.
ഈടോ, മൂന്നാംകക്ഷി ജാമ്യമോ ഇല്ലാതെ വായ്പ നൽകുന്നത് 10 ലക്ഷമായി ഉയർത്തണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായി ആശയ വിനിമയം നടത്തുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലെ ധനകാര്യ സേവന വകുപ്പ് സൂചന നൽകിയിരുന്നു.
ഇതു സംബന്ധിച്ച് ഫിനാൻഷ്യൽ സർവീസ് ഡിപാർട്മെന്റ് 12 ബാങ്കുകളുമായി കഴിഞ്ഞ ആഗസ്റ്റിൽ ചർച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ വായ്പയുടെ ഈടിന്റെ കാര്യത്തിൽ എല്ലാ ബാങ്കുകൾക്കും ഏകൃകൃത രീതി ആവിഷ്കരിക്കണമെന്നും ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഏഴരലക്ഷമാണ് ഈടില്ലാതെ വിദ്യാഭ്യാസ വായ്പയായി നൽകേണ്ടത് എന്നിരിക്കെ, ചില സംസ്ഥാനങ്ങളിൽ 10 ലക്ഷം വരെ ഈടില്ലാതെ വായ്പ നൽകിയിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നത പഠനത്തിനായാണ് വിദ്യാഭ്യാസ വായ്പ നൽകുന്നത്. വാർഷിക വരുമാനം നാലര ലക്ഷത്തിൽ കവിയാത്ത കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് വായ്പ ലഭിക്കുക. വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കും താരതമ്യേന കുറവാണ്. അടിസ്ഥാന നിരക്കിന്റെ രണ്ടുശതമാനമാണ് പലിശയായി ഈടാക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പലിശ രഹിത വായ്പക്കും അർഹതയുണ്ട്. സബ്സിഡ് ലഭിക്കുന്ന വായ്പയുടെ പരിധി 7.50 ലക്ഷം രൂപയാണ്. ഇ.ഡബ്ല്യു.എസ് വിഭാഗം വിദ്യാർഥികൾക്ക് മൊറട്ടോറിയം കാലയളവിൽ ഈ വായ്പകൾക്ക് പൂർണ പലിശ സബ്‌സിഡിയും ക്ലെയിം ചെയ്യാം. ഇത് കോഴ്‌സ് കാലയളവും ഒരു വർഷവുമാണ്. പരമാവധി വായ്പ തുകയായ 7.50 ലക്ഷം രൂപയ്ക്കാണ് സബ്‌സിഡി നൽകുന്നത്.