യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്
ലണ്ടൻ ∙ യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും പ്രവാസി മലയാളി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി.
ബിരുദം നേടാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ, ലൂട്ടനിൽ താമസിച്ചിരുന്ന സ്റ്റെഫാൻ വർഗീസ് (23) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.
ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിയായ സ്റ്റെഫാൻ, പഠനത്തിന്റെ ഭാഗമായി പ്ലേസ്മെന്റിനായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു.
ആശുപത്രി ഡ്യൂട്ടി പൂർത്തിയാക്കി വീട്ടിലെത്തിയ ശേഷം, പതിവുപോലെ മാതാപിതാക്കളുമായി രാത്രി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എല്ലാം സാധാരണ നിലയിലായിരുന്നു.
എന്നാൽ, അടുത്ത ദിവസം ബന്ധപ്പെടാൻ കഴിയാതായതോടെയാണ് ആശങ്കയുണ്ടായത്. തുടർന്ന് താമസസ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ലാപ്ടോപ്പിന് മുന്നിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ സ്റ്റെഫാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം നിലവിൽ തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. സംഭവത്തിൽ യുകെ അധികൃതർ അന്വേഷണം തുടരുകയാണ്.
പത്തനംതിട്ട തിരുവല്ല പുതുശ്ശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസ്, ഗ്രേസ് വർഗീസ് ദമ്പതികളുടെ മകനാണ് സ്റ്റെഫാൻ.
കുടുംബം മുൻപ് സിംഗപ്പൂരിൽ താമസിച്ചിരുന്നതിന് ശേഷം യുകെയിലേക്ക് കുടിയേറിയതാണ്. സോഫിയ വർഗീസ് ഏക സഹോദരിയാണ്.
ഡോക്ടർ പദവി നേടാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉണ്ടായ ഈ വിയോഗം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണ്.
പഠനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിരുന്ന സ്റ്റെഫാൻ, അക്കാദമിക് മികവിനൊപ്പം ആത്മീയവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
നോർത്ത് ലണ്ടനിലെ ഹെമൽ ഹെംപ്സ്റ്റഡിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവക അംഗങ്ങളാണ് സ്റ്റെഫാന്റെ കുടുംബം.
യുവത്വത്തിന്റെ ഊർജവും സേവന മനോഭാവവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു സ്റ്റെഫാന്റെതെന്ന് സുഹൃത്തുക്കളും അധ്യാപകരും അനുസ്മരിക്കുന്നു.
അപ്രതീക്ഷിതമായ ഈ വിയോഗം യുകെയിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.









