പി വി അൻവറിന് പിന്നിൽ പ്രവർത്തിക്കുന്നത് അധോലോക സംഘങ്ങളെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി ശശി പറഞ്ഞു. പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹർജി നൽകിയത്.
സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് അൻവറിനെതിരെ ശശി കോടതിയിൽ നേരിട്ടെത്തി ക്രിമിനൽ കേസ് ഫയൽ ചെയ്തത്.
പി. ശശിയെ കടന്നാക്രമിച്ച് പി വി അൻവർ രംഗത്തെത്തിയിരുന്നു പി. ശശി പരാജയമാണെന്ന് പി വി അൻവർ പറഞ്ഞു. പി. ശശി ഉത്തരവാദിത്വം നിർവഹിച്ചിട്ടില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തിയിരുന്നു. എം ആർ അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. 29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്നുണ്ട്. നാലു ചായപ്പീടിക കൈകാര്യംചെയ്യാൻ ഒരാൾക്ക് കഴിയുമോ എന്ന് പി വി അൻവർ ചോദിച്ചു.
വിശ്വസ്തർ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏൽപിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. ശശിക്ക് അറിവുണ്ടോയെന്ന് തനിക്കറിയില്ല. അദ്ദേഹം വിലയിരുത്തിയിട്ടുണ്ടെങ്കിൽ ഇങ്ങനെയൊരു കൊള്ളനടക്കുമോയെന്നും പി വി അൻവർ ചോദിച്ചു. മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നൽകിയിട്ട് നടപടിയുണ്ടായില്ല. വിഷയങ്ങൾ പി. ശശിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പിതാവിൻ്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയിൽ തടുക്കേണ്ടത് തൻ്റെ ബാധ്യതയാണെന്നും, അതാണ് നിറവേറ്റുന്നതെന്നും പി വി അൻവർ പറഞ്ഞു.
അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്നായിരുന്നു കേസ് ഫയൽ ചെയ്തതിന് ശേഷം ശശിയുടെ പ്രതികരണം. നിരന്തരമായി ആരോപണമുന്നയിക്കുമ്പോഴും തന്നെയല്ല, മറിച്ച് മുഖ്യമന്ത്രിയെ ആണ് അൻവർ ലക്ഷ്യം വയ്ക്കുന്നതെന്നും ശശി ആരോപിച്ചു. ഇതാദ്യമായാണ് അൻവറിനെതിരെ ശശി ആരോപണുന്നയിക്കുന്നത്.