കൊച്ചി: വാഹനങ്ങളിൽ സർക്കാർ മുദ്രകളും ബോർഡുകളും മറ്റും അനധികൃതമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈകോടതി.Unauthorized government stamps, boards etc. on vehicles Should strict action be taken against employers who use
രാഷ്ട്രപതി, ഗവർണർ തുടങ്ങിയവർക്ക് മാത്രം ഉപയോഗിക്കാവുന്ന മുദ്രകൾ പോലും ദുരുപയോഗം ചെയ്യുന്നുണ്ട്. എന്നിട്ടുപോലും നടപടിയെടുക്കാത്തതെന്തെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്.
എമർജൻസി വാഹനങ്ങളിൽപോലും അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ് ഫ്ലാഷ് ലൈറ്റ്. ശബരിമലയടക്കം തിരക്കേറിയ സ്ഥലങ്ങളിലും ഇതെല്ലാം സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. നാലു ഹോൺ വരെ ഘടിപ്പിച്ച വാഹനങ്ങൾ നിരത്തിലുണ്ട്. ഹോൺ നാട്ടുകാരുടെ ചെവിയിൽ അടിക്കാനുള്ളതല്ല.
നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിരത്തിലിറങ്ങാൻ അനുവദിക്കരുത്. ഈ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും