ഹൂസ്റ്റൺ: അമേരിക്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഗ്രൗണ്ടിൽ ഇറങ്ങാൻ വിസമ്മതിച്ച ഫീൽഡ് അമ്പയർമാരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചാണ് അമ്പയർമാർ ഗ്രൗണ്ടിൽ ഇറങ്ങാതെ പ്രതിഷേധിച്ചത്. ഇതേ തുടർന്ന് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
30000 ഡോളറോളം സംഘാടകര്‍ പ്രതിഫലമായി നല്‍കാനുണ്ടെന്നും കുടിശ്ശിക തീര്‍ത്ത് നല്‍കിയില്ലെങ്കില്‍ കളി നിയന്ത്രിക്കാനായി ഗ്രൗണ്ടിലിറങ്ങില്ലെന്നും അമ്പയര്‍മാര്‍ വാശിപിടിച്ചതോടെയാണ് സംഘാടകര്‍ പൊലിസിനെ വിളിച്ചത്. പൊലീസെത്തി അമ്പയര്‍മാരെ അറസ്റ്റ് ചെയ്തത് ലീഗിന് തന്നെ നാണക്കേടാവുകയും ചെയ്തു.
ഏഴ് ടീമുകളാണ് അമേരിക്കന്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന്‍റെ സഹ ആതിഥേയര്‍ കൂടിയായ അമേരിക്ക ലോകകപ്പില്‍ മത്സരിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനൊപ്പമാണ് അമേരിക്ക ടി20 ലോകകപ്പിന് ആദ്യമായി ആതിഥേയത്വം വഹിക്കുന്നത്. അറസ്റ്റിനു പിന്നാലെ സംഭവം ആരാധകർക്ക് ഇടയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായി.