കൊച്ചി: കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ മുഖ്യസംഘാടകർ പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. മൃദംഗവിഷൻ, ഓസ്‌കാർ ഇവന്റസ് ഉടമകൾ വ്യാഴാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം നൽകിയത്. സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ തേടി കഴിഞ്ഞ ദിവസം സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.(Uma Thomas MLA injury; High Court ordered the organizers to surrender to the police)
പരിപാടിയിൽ വൻ സുരക്ഷാ വീഴ്‌ചയുണ്ടായതായി പൊലീസ്, ഫയർ ഫോഴ്‌സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങൾ സംയുക്ത റിപ്പോർട്ട് നൽകിയിരുന്നു. സ്‌റ്റേജ് നിർമിച്ചത് അപകടകരമായ രീതിയിലാണ്, അധികമായി നിർമിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലൻസ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാൻ കാരണമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംഘാടകർ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് സമീപിച്ചതിനെ തുടർന്ന് കോടതി പൊലീസിനോട് കൂടുതൽ വിവരങ്ങൾ തേടി. സംഘടകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സംഘാടകർ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടത്.