കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. മകൻ ചോദിച്ചപ്പോൾ പ്രതികരണം നടത്തിയെന്നും കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ചിരിച്ചുവെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളം പ്രതികരിച്ചു. അതേസമയം ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയായി തുടരുകയാണ്.(Uma Thomas condition getting better says doctors)
കണ്ണു തുറക്കാൻ പറഞ്ഞപ്പോള്‍ കണ്ണു തുറന്നു. പിന്നെ കൈകള്‍ അനക്കാൻ പറഞ്ഞപ്പോൾ കൈകള്‍ അനക്കി. കാലുകള്‍ അനക്കാൻ പറഞ്ഞപ്പോള്‍ അതും ചെയ്തു. പിന്നീട് ഷേക്ക് ഹാന്‍ഡ് നൽകാൻ കൈ നീട്ടിയപ്പോള്‍ തിരിച്ച് മുറുകെ പിടിച്ചെന്നും മകൻ വിഷ്ണു പറഞ്ഞു. പറയുന്ന കാര്യങ്ങളോട് അമ്മ പ്രതികരിച്ച് പ്രതീക്ഷ നൽകുന്നതാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
എക്സറേയിൽ നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിന്‍റെ പരിക്ക് ഭേദമാകണം. ആന്‍റി ബയോട്ടിക്കുകളോട് അവര്‍ പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കിൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കണം. ഇന്‍ഫെക്ഷൻ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല എന്നും ഉമാ തോമസിനെ ഡോക്ടർ പറഞ്ഞു.