ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകൾ മൂലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി ആവശ്യപ്പെട്ട യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയ കമ്പനിയുടെ നടപടിയിൽ നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകാൻ വിധി. യുകെ എംപ്ലോയ്മെന്റ് കോടതിയുടെതാണ് വിധി.
ബർമിങ്ഹാം ആസ്ഥാനമായുള്ള റോമൻ പ്രോപ്പർട്ടി ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയോടാണ് ഭീമമായ തുക നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയിലെ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റായി ജോലി ചെയ്തിരുന്ന പൗല മിലുസ്ക എന്ന യുവതിക്കാണ് ഈ തുക നൽകേണ്ടത്.
2022 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗർഭിയായതോടെ ശാരീരിക അസ്വസ്ഥതകളും ആരംഭിച്ചു. ഇതോടെയാണ് യുവതി കമ്പനിയോട് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം ചോദിച്ചത്.
എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തന്റെ ബിസിനസ് തടസ്സപ്പെടാൻ ഇടയാക്കുമെന്നും ഓഫിസിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി കമ്പനി ഉടമ യുവതിക്ക് പുറത്താക്കിയതായുള്ള മെയിൽ അയക്കുകയായിരുന്നു.
ജോലിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചുള്ള മൊബൈൽ സന്ദേശത്തിനു പുറമെ ഇയാൾ പരിഹാസ രൂപേണയുള്ള ഇമോജി (ജാസ് ഹാൻഡ് ) കൂടി ഉൾപ്പെടുത്തി അയച്ചതാണ് കോടതിയെ കൂടുതൽ ചൊടിപ്പിച്ചത്. തുടർന്ന് യുവതിക്ക് ഭീമമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.