യുകെ മലയാളികള്‍ക്ക് നൊമ്പരമായി മറ്റൊരു മരണവർത്തകൂടി. ക്‌നാനായ സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരായ തയ്യില്‍ തങ്കച്ചന്റെയും ബെസ്സിയുടെയും മകനായ ആശിഷ് തങ്കച്ചന്‍ ആണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. 35 വയസായിരുന്നു. കഴിഞ്ഞ 2 വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ്.
ജീവിതം തുടങ്ങിയപ്പോൾത്തന്നെ ദുർവിധിയുടെ കയത്തിൽ മുങ്ങിയ ആഷിഷിന്റെ വേർപാട് വിശ്വസിക്കാനാവാതെ സങ്കടപ്പെടുകയാണ് ഓരോ യുകെ മലയാളിയും. ഡാന്‍സ് കൊറിയോഗ്രാഫര്‍, ക്രിക്കറ്റർ തുടങ്ങി എല്ലാ മേഖലകളിലും കഴിവുതെളിയിച്ച വ്യക്തിയായിരുന്നു ആശിഷ്.
കലാ കായിക മേഖലകളില്‍ നിറഞ്ഞ് നിന്ന ആശിഷ്ഏഷ്യാനെറ്റ് ഡാന്‍സ് ഷോയിലും പങ്കെടുത്തിരുന്നു. നല്ലൊരു ബാഡ്മിന്റണ്‍ പ്ലയെര്‍ കൂടിയായിരുന്നു. ദേശീയതലത്തില്‍ വളരെയേറെ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വടംവലി, ഷട്ടില്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് മത്സരം തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിരുന്നു.
റെഡ്ഡിങ്ങില്‍ അക്കൗണ്ടിംഗ് ജോലി ചെയ്യുന്ന മെറിന്‍ ആണ് ഭാര്യ, മകന്‍ ജൈടന്‍ (5). സഹോദരി ആഷ്‌ലി അയര്‍ലണ്ടില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അറിയിക്കും. ആഷിഷിന്റെ ആകസ്മിക വിയോഗത്തിൽ ന്യൂസ് ഫോർ മീഡിയ അനുശോചനം രേഖപ്പെടുത്തുന്നു.