ലണ്ടൻ: ഇന്ത്യൻ ചരിത്ര ഗവേഷകയോട് രാജ്യം വിടണമെന്ന് യുകെ. ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിനി ഡോ. മണികർണിക ദത്തയോടയാണ് (37) ഉടൻ രാജ്യം വിടണമെന്ന് യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഐഎൽആർ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ്ഡോ. മണികർണിക ദത്തയ്‌ക്കെതിരെ യുകെ ഹോം ഓഫിസിന്റെ നടപടി.
നിലവിൽ അയർലൻഡിലെ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജിൽ അസിസ്റ്റന്റ് പ്രഫസറായാണ് ഡോ. മണികർണിക ദത്ത ജോലി ചെയ്യുന്നത്. 12 വർഷം മുമ്പാണ് അവർ യുകെയിൽ എത്തിയത്.
ഇവരുടെ ഭർത്താവും ഗ്ലാസ്ഗോ സർവകലാശാലയിലെ സീനിയർ ലക്ചററുമായ ഡോ. സൗവിക് നഹയ്ക്ക് ഐഎൽആർ അപേക്ഷയിന്മേൽ വീസ അനുവദിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ ചരിത്ര സ്മാരകങ്ങളെക്കുറിച്ചാണ് ഡോ. മണികർണിക ദത്ത നിലവിൽ ഗവേഷണം നടത്തുന്നത്. എന്നാൽ അനുവദനീയമായ പരിധിക്കപ്പുറം ഡോ. മണികർണിക ദത്ത ബ്രിട്ടനിൽനിന്ന് വിട്ടുനിന്നു എന്നാണ് ഹോം ഓഫിസ് വീസ നിരസിച്ചുകൊണ്ട് അറിയിച്ചത്.
വിദ്യാർഥി വീസയിൽ എത്തുന്നവർ ഐഎൽആർ അപേക്ഷ നൽകുമ്പോൾ പത്ത് വർഷ കാലയളവിൽ 548 ദിവസം കൂടുതൽ രാജ്യത്ത് നിന്ന് വിട്ടുനിൽക്കരുതെന്ന ചട്ടം എല്ലാവരും പാലിക്കണമെന്നും ഹോം ഓഫിസ് ചൂണ്ടിക്കാട്ടി. പക്ഷേ ഇതിനു വിരുദ്ധമായി ഡോ. മണികർണിക ദത്ത 691 ദിവസം രാജ്യം വിട്ടുനിന്നു.
ഓക്സ്ഫഡ് സർവകലാശാല പോലെ പ്രശസ്തമായ കോളജിൽ ഗവേഷണം നടത്തുന്ന തന്റെ കക്ഷിയുടെ യാത്രകൾ അവരുടെ പഠനത്തിന്റെ ഭാഗമായിരുന്നു എന്ന് ഡോ. മണികർണിക ദത്തയുടെ അഭിഭാഷകനായ നാഗ കന്ദയ്യ അറിയിച്ചു.
പഠനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ തങ്ങിയതെന്ന് അറിയിച്ചിട്ടും ഹോം ഓഫിസ് നടപടി പിൻവലിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. യാത്രകൾ നടത്തിയിരുന്നില്ലെങ്കിൽ തീസിസ് പൂർത്തിയാക്കാനോ അക്കാദമിക് ആവശ്യങ്ങൾ നിറവേറ്റാനോ കഴിയില്ലായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അപേക്ഷ നിരസിച്ചതിനെ തുടർന്ന് റിന്യൂവിന് വീണ്ടും അപേക്ഷ നൽകിയിരുന്നു. എന്നാൽ ഉടൻ രാജ്യം വിടണമെന്നും സ്വമേധയാ പോകുന്നില്ലെങ്കിൽ 10 വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും യുകെ ഹോം ഓഫിസ് മുന്നറിയിപ്പ് നൽകുകയായിരുന്നു. മറ്റ് നിയമനടപടികളെ അഭിമുഖീകരിക്കേണ്ടതായും വരും.
ഗ്ലാസ്ഗോ സർവകലാശാലയിലെ ഇംപീരിയൽ, പോസ്റ്റ്-കൊളോണിയൽ ചരിത്രത്തിലെ സീനിയർ ലക്ചററായ ഭർത്താവ് ഡോ. സൗവിക് നഹയോടൊപ്പമാണ് ഡോ. മണികർണിക ദത്ത യുകെയിലെ വെല്ലിങിൽ താമസിക്കുന്നത്.
രാജ്യം വിടണമെന്ന് പറഞ്ഞ് ഇമെയിൽ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് ഡോ. മണികർണിക ദത്ത മാധ്യമങ്ങളോട് പ്രതികരിച്ചു. യുകെയിലെ വിവിധ സർവകലാശാലകളിൽ താൻ ജോലി ചെയ്യുന്നുവെന്നും 12 വർഷമായി ഇവിടെ താമസിക്കുന്ന ആളാണ്.
ബിരുദാനന്തര ബിരുദം നേടാൻ ഓക്സ്ഫഡ് സർവകലാശാലയിൽ എത്തിയതിനുശേഷം ജീവിതത്തിന്റെ വലിയൊരു ഭാഗം യുകെയിലാണ് ജീവിച്ചത്. ഡോ. മണികർണിക ദത്ത പറഞ്ഞു. ഇതുപോലൊന്ന് തനിക്ക് സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും കൂട്ടിച്ചേർത്തു.