സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ കടുപ്പത്തിലേക്ക്.
നാല് സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ് ഉറച്ചുനിൽക്കുമ്പോൾ, ഈ ആവശ്യത്തിന് വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് എന്നീ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലും ഈ ആവശ്യം കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവച്ചിരുന്നു.
എന്നാൽ ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകേണ്ടി വന്നാൽ പകരം പൂഞ്ഞാർ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ നിലപാട്.
ഇടുക്കി സീറ്റ് വിട്ടുനൽകുന്ന കാര്യത്തിലും ജോസഫ് വിഭാഗം ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
ആവശ്യപ്പെട്ട സീറ്റുകളിൽ വിജയ സാധ്യതയുള്ള ശക്തരായ സ്ഥാനാർഥികളെ കേരള കോൺഗ്രസ് നിർദേശിച്ചില്ലെങ്കിൽ, സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാണെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തിൽ തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.
അതേസമയം, ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ശക്തമായ സ്ഥാനാർഥിയും കടുത്ത മത്സരവും വേണമെന്ന നിലപാടിലാണ് കോൺഗ്രസ്.
വിജയ സാധ്യത കൂടി കണക്കിലെടുത്തായിരിക്കും തുടർനടപടികളെന്നും കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമ്പോൾ ഉണ്ടായിരുന്ന ധാരണ പ്രകാരം രണ്ട് സീറ്റുകൾ വിട്ടുനൽകേണ്ടിവരുമെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ നാല് സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തോട് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം വഴങ്ങാൻ തയ്യാറല്ലെന്നാണ് നിലവിലെ സൂചന.
ENGLISH SUMMARY
Seat-sharing talks in UDF have turned tense as Congress insists on taking four seats, while Kerala Congress (Joseph faction) refuses to accept the demand. Congress has sought Idukki, Ettumanoor, Kothamangalam and Kuttanad. KC(J) demands Poonjar if it gives up Ettumanoor and has not decided on handing over Idukki. Another round of talks is scheduled on Monday.
udf-seat-sharing-congress-four-seats-kcj-opposes
UDF, Congress, Kerala Congress Joseph, seat sharing, Kerala politics, Idukki, Ettumanoor, Kothamangalam, Kuttanad, Poonjar









