ന്യൂസ് ഡസ്ക്ക് : ഇസ്രായേൽ-പാലസ്തീൻ പോരാട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളുടെ നിലപാട് ” ഇരട്ടത്താപ്പ്” എന്ന് വിമർശിച്ച് ജോർദാൻ രാജ്ഞി റാണിയ രംഗത്ത്. ഒക്ടോബർ 7 ന് ഹമാസ് പ്രവർത്തകർ ഇസ്രയേലിൽ നടത്തിയ അക്രമത്തെ എല്ലാവരും ശക്തമായി അപലമ്പിക്കുന്നു. പക്ഷെ അതിന്റ കാരണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു.ഇത് നിരാശാജനകമാണ്. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജ്ഞിയുടെ വിമർശനം.
“എന്തുകൊണ്ടാണ് അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തത്? അമ്പരപ്പിക്കുന്ന മാനുഷിക കഷ്ടപ്പാടുകൾ ഇന്ന് സംഭവിക്കുന്നത് എല്ലാവരും കാണുന്നു. പക്ഷെ ഇസ്രയേലിനൊപ്പം നിൽക്കാനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത് ”രാജ്ഞി പറയുന്നു.
“ഒരു കുടുംബത്തെ, മുഴുവൻ തോക്കിന് മുനയിൽ നിർത്തി കൊല്ലുന്നത് തെറ്റാണെന്ന് ഞങ്ങളോട് പറയപ്പെടുന്നു, പക്ഷേ ഒരു സമൂഹത്തെ ഷെൽ ആക്രമണത്തിലൂടെ കൊല്ലുന്നത് ശരിയാണോ? ഇത് അറബ് ലോകത്തെ ഞെട്ടിക്കുന്ന കാര്യമാണെന്നും അവർ വെളിപ്പെടുത്തി.ലോകം വെടിനിർത്തലിന് പോലും ആഹ്വാനം ചെയ്യുന്നില്ല. ഇത് ഇരട്ടത്താപ്പാണ്. ആദ്യമായാണ് രാജ്ഞി പരസ്യപ്രസ്താവന നടത്തുന്നത്.
ബേഡന് പിന്തുണ നഷ്ട്ടമാകുന്നുവോ ?
ഇസ്രയേലിന് യുദ്ധസഹായം നൽകുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബേഡന്റെ നിലപാട് അറബ്-മുസ്ലീം രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നു. ഈ രാജ്യങ്ങളുടെ പിന്തുണ ബേഡന് നഷ്ട്ടമാകുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ജോ ബേഡന്റെ രാഷ്ട്രിയ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ 10 വർഷത്തോളം അഫർമേറ്റീവ് ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച ബാസിം എൽക്കാര തൽസ്ഥാനം രാജി വച്ചു. ബേഡന്റെ ഇസ്രയേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വെടിനിറുത്തലിന് ബേഡൻ ശ്രമിച്ചില്ലെങ്കിൽ അമേരിക്കൻ മുസ്ലീം വോട്ടുകൾ നഷ്‌ടപ്പെടുമെന്നും എൽക്കാര ചൂണ്ടികാണിക്കുന്നു. ഏഷ്യയിലെ അറബ്- മുസ്ലീം രാജ്യങ്ങളും ചൈനയോട് ഇപ്പോൾ കൂടുതൽ അടുക്കാനാണ് താൽപര്യപ്പെടുന്നത്. ഞാനൊരു സയണിസ്റ്റാണ് എന്ന ബേഡൻ വെളിപ്പെടുത്തിയതും മുസ്ലീം രാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
യു.എൻ തലവനെതിരെ നീക്കം.
ഐക്യരാഷ്ട്ര സഭ സമിതിയിൽ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസ് തുറന്നടിച്ചത് വലിയ പ്രത്യാഘ്യാതങ്ങൾ സൃഷ്ട്ടിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഹമാസ് പ്രവർത്തകർ ഒക്ടോബർ ഏഴിന് നടത്തിയ ആദ്യ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്നാണ് ഗുട്ടാറസ് വിമർശിച്ചത്. കഴിഞ്ഞ കുറേ നാളായി വെടിനിറുത്തലിന് ശ്രമിക്കുകയാണ് യു.എൻ സെക്രട്ടറി ജനറൽ . പല തവണ ശ്രമിച്ചിട്ടും അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നിഷേധാത്മ നിലപാട് സ്വീകരിക്കുന്നതിനാൽ വെടിനിറുത്തൽ യാഥാർത്ഥ്യമായില്ല. ഇതിലെ നിരാശയും ഗുട്ടാറസിന്റെ തുറന്നടിക്കലിന് പിന്നിലുണ്ട്. പാലസ്തീൻ ജനത 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുകയാണെന്നും ഗുട്ടാറസ് ചൂണ്ടികാണിച്ചിരുന്നു.എന്നാൽ ഇത് പറഞ്ഞ് ഹമാസിന്റെ ഭീകരമായ ആക്രമണങ്ങളെ ന്യായീകരിക്കാനാവില്ല. പക്ഷെ ഹമാസിന്റെ പ്രവർത്തനങ്ങളുടെ പേരിൽ ഫലസ്തീൻ ജനതയെ കൂട്ടായ ശിക്ഷിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.”ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം, വേട്ടക്കാരോടൊപ്പം നിൽക്കുകയാണ് യു.എൻ സെക്രട്ടറിയെന്ന് ഇസ്രയേൽ തിരിച്ചടിച്ചു. യു.എൻ സെക്രട്ടറി രാജി വയ്ക്കണമെന്നാണ് ഇസ്രയേൽ ആവിശ്യം.