രണ്ടുവർഷത്തെ യൂണിഫോം അലവൻസായി സ്കൂളുകൾക്ക് ലഭിക്കാനുള്ളത് 160 കോടി രൂപ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സൗജന്യയൂണിഫോം നൽകി വരുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ഈ വർഷത്തെ അലവൻസും വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ അലവൻസ് ഇതുവരെ ലഭിച്ചിട്ടില്ല. തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കടം പറഞ്ഞും മറ്റും തുണിവാങ്ങി നൽകിയ പ്രധാനാധ്യാപകരും പി.ടി.എ. ഭാരവാഹികളും ഉൾപ്പെടെയുള്ളവർ വെട്ടിലായിരിക്കുകയാണ്.
സാധാരണ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് യൂണിഫോമിനായി കൈത്തറിത്തുണി നൽകുകയാണ് ചെയ്യുന്നത്. എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് തുണിയും അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് രണ്ടുജോഡി യൂണിഫോമിന് 600 രൂപ അലവൻസുമാണ് നൽകി വരുന്നത്. ഓരോവർഷവും തുണി നൽകാനായി 130 കോടിയും അലവൻസിനായി 80 കോടിയുമാണ് നീക്കിവെക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് വൈകിയതോടെ പല സ്കൂളുകളിലും പ്രധാനാധ്യാപകരും പി.ടി.എ.യും മുൻകൈയെടുത്ത് തുണിവാങ്ങി നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ വർഷത്തെ അലവൻസ് ചിലയിടങ്ങളിൽ കൊടുത്തു തുടങ്ങിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. ഇത് നാമമാത്രമാണെന്നും അധ്യാപകർ പറയുന്നു.
അതേസമയം യൂണിഫോമിന് കൈത്തറിത്തുണി നൽകിയ വകയിൽ നെയ്ത്തുകാർക്കും നൽകാനുണ്ട് 30 കോടി. 7500-ഓളം തൊഴിലാളികൾക്ക് അഞ്ചുമാസത്തെ കൂലിയിനത്തിലാണ് ഇത്രയും തുക നൽകാനുള്ളത്. കഴിഞ്ഞ ഡിസംബർ വരെയുള്ള തുക മാർച്ചിൽ നൽകിയിരുന്നു. തുണി ഈ വർഷത്തേതുൾപ്പെടെ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. ഒരു മീറ്ററിന് കൂലിയും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ 145 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുക.
നൂല് സർക്കാരാണ് നൽകേണ്ടത്. അതും ഇപ്പോൾ മുടങ്ങിയിരിക്കുകയാണെന്ന് കേരളാ സ്റ്റേറ്റ് ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. ബാബു പറഞ്ഞു. തിരഞ്ഞെടുപ്പും മറ്റും ആയതിനാലാണ് ഫണ്ട് അനുവദിക്കാൻ വൈകിയതെന്നും കൂലിനൽകാനുള്ള തുക ഉടൻ അനുവദിക്കുമെന്നും കൈത്തറി-ടെക്‌സ്റ്റൈൽ ഡയറക്ടർ കെഎസ് അനിൽകുമാർ പറഞ്ഞു.
Read More: പ്രധാനമന്ത്രി മോദി ഇന്ന് കന്യാകുമാരിയിൽ; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും; അതീവ സുരക്ഷ
Read More: കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ