ക്രിസ്മസ് ദിനത്തിൽ പൂന്തോട്ടത്തിലെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
യോർക്ക്ഷെയർ: സൗത്ത് യോർക്ക്ഷെയറിലെ ഡോൺകാസ്റ്ററിൽ ക്രിസ്മസ് ദിനത്തിൽ പൂന്തോട്ടത്തിലെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇസോബെൽ എന്ന കുഞ്ഞാണ് മരിച്ചത്.
വീടിനുള്ളിൽ കുടുംബാംഗങ്ങൾ ക്രിസ്മസ് ആഘോഷത്തിനായി ഒത്തുകൂടിയിരിക്കെ, ഇസോബെൽ അപ്രതീക്ഷിതമായി പൂന്തോട്ടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
അടുത്തിടെ മാത്രം താമസം മാറിയ വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം.
പൂന്തോട്ടത്തിലെ കുളത്തിന് ചുറ്റും താൽക്കാലിക വേലി ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് അതിനുള്ളിലേക്ക് വീഴുകയായിരുന്നു.
കുറച്ച് സമയത്തേക്ക് കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.
ആംബുലൻസ് എത്തുന്നതുവരെ ബന്ധുക്കൾ സിപിആർ നൽകിയെങ്കിലും, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.









