കൊച്ചി: കേൾക്കുമ്പോൾ ഡിക്ടറ്റീവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണ് ബാറ്റൺബോസ് എന്നത്. കൊച്ചുകുന്നേൽ മത്തായി ചാക്കോയാണ് ബാറ്റൺ ബോസ് എന്ന തൂലികാനാമത്തിലൂടെ മലയാളിയെ ത്രില്ലർ സാഹിത്യത്തിലേക്ക് ക്ഷണിച്ചത്. ഡോ.സീറോയിൽ തുടങ്ങി കാസിനോ, അവൾ വരെ 200ലേറെ രചനകൾ.Two novels of Kochukunnel Mathai Chacko will be released soon
ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയുമൊക്കെ കുറ്റാന്വേഷണത്തിന്റെ കഥകൾ മലയാളികൾക്ക് സമ്മാനിച്ച കൊച്ചുകുന്നേൽ മത്തായി ചാക്കോ എന്ന ബാറ്റൺബോസ് 65ാം വയസിൽ വീണ്ടും ത്രില്ലറുകളുടെ ലോകത്തേക്ക്.
കുറ്റാന്വേഷണമടക്കം 200ലേറെ നോവലുകളെഴുതിയ ബാറ്റൺബോസിന്റെ രണ്ടു നോവലുകൾ ഉടൻ പുറത്തിറങ്ങും. ഡെത്ത് കോൾസ് ആണ് ആദ്യത്തേത്. രണ്ടാമത്തേതിന് പേരിട്ടിട്ടില്ല. പുതിയ തലമുറയ്ക്കായി പഴയ നോവലുകൾ പുന:പ്രസിദ്ധീകരിക്കും.
1980ൽ ശ്രദ്ധേയമായ ആദ്യ കുറ്റാന്വേഷണ നോവലായ ഡോ. സീറോയുടെ പുതിയ പതിപ്പിറങ്ങി. ഓസ്‌ട്രേലിയൻ സ്വർണഖനികളിൽ നിന്ന് സ്വർണവുമായി പോകുന്ന ട്രെയിൻ കൊള്ളയടിക്കുന്ന ഡോ. സീറോയെ പിടികൂടാൻ ബ്രിട്ടനിലെ ഡിറ്റക്ടീവ് പാട്രിക് ന്യൂറോൺ എത്തുന്നതാണ് പ്രമേയം.
1973-74ൽ എഴുതിയ ഡോ. സീറോ അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂൾ കൈയെഴുത്തു മാസികയിൽ പ്രസിദ്ധീകരിച്ചശേഷം മാറ്റങ്ങൾ വരുത്തിയാണ് വാരികയ്ക്കു നൽകിയത്. അമേരിക്കൻ പശ്ചാത്തലത്തിലുള്ള രണ്ടാമത്തെ നോവൽ ആഫ്റ്റർ ഡെത്തും ഹിറ്റായതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
വാറന്റ്, ചോരയ്ക്കു നിറം ചുവപ്പ്, റേഞ്ചർ എന്നിങ്ങനെ കുറ്റാന്വേഷണ നോവലുകളുടെ പരമ്പര തന്നെ പുറത്തിറങ്ങി. ഞായറും തിങ്കളും എന്ന കുടുംബകഥയും ധാരാളം ചെറുകഥകളും എഴുതിയിട്ടുണ്ട്.
പാലായിൽനിന്ന് ഇടുക്കിയിലെ രാജാക്കാട്ടേക്ക് കുടിയേറിയ കുടുംബത്തിൽ ജനിച്ച ബാറ്റൺബോസ് ഇപ്പോൾ കോട്ടയം ആർപ്പൂക്കരയിലാണ് താമസം.
ഏലിയാമ്മയാണ് ഭാര്യ. മക്കൾ: മോസസ്, പീറ്റർ, എലിസബത്ത് (കാനഡ).ഒരേ സമയം 8വാരികകളിൽഎട്ട് വാരികകൾക്കായി ഒരേ സമയം നോവലെഴുതിയിരുന്നു. ദിവസവും ഓരോ വാരികയ്ക്കായി ഒരു അദ്ധ്യായം എഴുതി. ആദ്യകാലത്ത് പ്രതിഫലം 25 രൂപ.പിന്നീട്, ഓരോ അദ്ധ്യായത്തിനും 3500 രൂപ വരെ കിട്ടി.
‘ബ്ലാക്ക് ബെൽറ്റ് ” നോവൽ 1985ൽ ശാന്തം ഭീകരം എന്ന പേരിലും ‘റെയ്ഞ്ചർ” 1999ൽ ക്യാപ്റ്റൻ എന്ന പേരിലും സിനിമയായി. ഗജരാജമന്ത്രം, ബ്രഹ്മാസ്ത്രം, കളിയോടം, ത്രിൽ എന്നീ സിനിമകൾക്കായി കഥയെഴുതി.