കൊച്ചി മെട്രോ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ഇതോടെ കൊച്ചി മെട്രോ കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ്. 2 ട്രെയിനുകൾ കൂടി അധികമായി ഓടിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം. (Two new metros are coming as a gift to Kochi Metro)
ജൂലൈ 15 മുതൽ ഇതനുസരിച്ച് 12 ട്രിപ്പുകൾ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതൽ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും കൊച്ചി മെട്രോ നടത്തുക. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇത് സ്ഥിരമാക്കാനാണ് തീരുമാനം.
2024 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള 1.64 കോടി പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ജൂലൈ 1 മുതൽ 11 വരെ ഏകദേശം 12 ലക്ഷം പേരും മെട്രോയിൽ സഞ്ചരിച്ചു. 3 കോച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്.
കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഉള്ളപ്പോഴും മറ്റ് വിശേഷ ദിവസങ്ങളിലും കൊച്ചി മെട്രോ അധിക സര്‍വീസുകൾ നടത്താറുണ്ട്.