പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ പണം തിരികെ ലഭിച്ചത് കോട്ടയം സ്വദേശികളായ രണ്ടു പേർക്ക്. ഗാന്ധിനഗർ പോലീസ് ഇടപെട്ടാണ് ഇവർക്ക് പണം തിരികെ വാങ്ങി നൽകിയത്. എസ്.എച്ച്.ഒ. ശ്രീജിത്തും പി.ആർ.ഒ. സി.എ. ബിജുമോനും ചേർന്ന് നടത്തിയ പരിശ്രമത്തിലാണ് പണം തിരികെ ലഭിച്ചത്.
എറണാകുളത്തെ സുഹൃത്തു വഴിയാണ് പരാതിക്കാർ പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻ എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. മുളന്തുരുത്തിയിലുള്ള സഹകരണ സംഘത്തിന്റെ ബ്രാഞ്ചിലെത്തി 56000 രൂപ നിക്ഷേപിച്ചു. തുടർന്ന് സ്‌കൂട്ടർ ലഭിക്കുമെന്നുള്ള ഉറപ്പ് പ്രോമിസറി നോട്ടിൽ എഴുതി വാങ്ങി. സ്‌കൂട്ടർ ലഭിച്ചില്ലെങ്കിൽ പണം തിരികെ ലഭിക്കുമെന്നും നോട്ടിൽ രേഖപ്പെടുത്തിയിരുന്നു.
ഗാന്ധിനഗർ പോലീസൽ പരാതിക്കൊപ്പം പ്രോമിസറി നോട്ടും ഹാജരാക്കി. തുടർന്ന് പോലീസ് അനന്തകൃഷ്ണനുവേണ്ടി പണം വാങ്ങിയവരെ ബന്ധപ്പെട്ടു. ആദ്യം ഇവർ വഴങ്ങിയില്ലെങ്കിലും പോലീസ് മുറയിൽ സംസാരം ആരംഭിച്ചതോടെ തിരികെ പണം അക്കൗണ്ടിലെത്തി. പരാതി നൽകി ആറാം ദിവസം 61000 രൂപ വീതമാണ് രണ്ടുപേരുടേയും അക്കൗണ്ടിൽ ലഭിച്ചത്.