മുംബൈ: ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ട്വന്റി20 ലോകകപ്പ് ജൂൺ 1ന് ആരംഭിക്കും. യുഎസിലും വെസ്റ്റിൻഡീസിലും ആണ് ഇക്കുറി മത്സരങ്ങൾ നടക്കുന്നത്. ആദ്യ ദിനം ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് മത്സരം. ജൂൺ 29ന് ബാർബഡോസിൽ ഫൈനൽ പോരാട്ടം നടക്കും. ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ യിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ ടീമുകളാണ് ഉള്ളത്. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിര വൈരികളായ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ജൂൺ 9ന് ന്യൂയോർക്കിൽ വെച്ച് നടക്കും.
2022 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒടുവില്‍ ഏറ്റുമുട്ടിയ ട്വന്റി20 മത്സരം നടന്നത്. അന്ന് മെൽബണില്‍ നടന്ന മത്സരത്തിൽ സൂപ്പർ താരം വിരാട് കോലിയുടെ മികവിൽ ഇന്ത്യ വിജയം നേടി. ജൂൺ 12ന് ഇന്ത്യ– യുഎസ് മത്സരവും ന്യൂയോർക്കിലാണ്. ജൂൺ 15ന് കാനഡയ്ക്കെതിരായ പോരാട്ടം ഫ്ലോറിഡയിലും നടക്കും. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഐപിഎല്ലിനിടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ആകെ 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്. കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബി ഗ്രൂപ്പില്‍ ഒരുമിച്ചു വരും. നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്. സി ഗ്രൂപ്പിൽ വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകളും ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകളും കളിക്കും. നാലു ഗ്രൂപ്പുകളിൽനിന്നും മികച്ച രണ്ടു സ്ഥാനക്കാരാണ് സൂപ്പർ എട്ട് റൗണ്ടിൽ കടക്കുക.
Read Also: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ