നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഈ ചിഹ്നത്തില്‍ മത്സരിക്കും
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) വിസിൽ ചിഹ്നത്തിൽ മത്സരിക്കും. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിക്ക് ഔദ്യോഗികമായി ചിഹ്നം അനുവദിച്ചു.
പാർട്ടി സമർപ്പിച്ച 10 ചിഹ്നങ്ങളിൽ നിന്നാണ് വിസിൽ ചിഹ്നം തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ വിജയ് രാഷ്ട്രീയ രംഗത്തേക്ക് ശക്തമായ മുന്നേറ്റത്തിനാണ് തയ്യാറെടുക്കുന്നത്.
അതേസമയം, കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യത്തിന് (എംഎൻഎം) ബാറ്ററി ടോർച്ച് തന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പ് ചിഹ്നമായി തുടരുന്നത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും എംഎൻഎം ഇതേ ചിഹ്നത്തിലാണ് മത്സരിച്ചത്.
വിസിൽ ചിഹ്നം വിജയ് ആരാധകരുടെയും പാർട്ടി പ്രവർത്തകരുടെയും ഇടയിൽ ഏറെ പരിചിതവും വികാരപരവുമായ അടയാളമാണെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കി.
സിനിമയിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും വിജയ് നേടിയ ജനപ്രീതി രാഷ്ട്രീയത്തിലേക്കും മാറ്റാൻ ഈ ചിഹ്നം സഹായകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
1966ലും 1977ലും തമിഴ്നാട് രാഷ്ട്രീയത്തിൽ അണ്ണാദുരൈയും എംജിആറും നേടിയ ചരിത്ര വിജയം ആവർത്തിച്ച് അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് വിജയ്.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ജനകീയ നേതാക്കളുടെ വിജയ മാതൃക പിന്തുടരുകയാണ് അദ്ദേഹമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
വിസിൽ ചിഹ്നത്തിന് വിജയ് അഭിനയിച്ച 2019ലെ ‘ബിഗിൽ’ എന്ന സിനിമയുമായും അടുത്ത ബന്ധമുണ്ട്. ചിത്രത്തിൽ വിസിൽ ശക്തമായ പ്രതീകമായാണ് അവതരിപ്പിച്ചത്.
‘കപ്പ് മുഖ്യം ബിഗിലെ’ എന്ന പഞ്ച് ഡയലോഗ് തമിഴ്നാട്ടിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. 300 കോടി രൂപയിലധികം കളക്ഷൻ നേടിയ ‘ബിഗിൽ’ വിജയ് കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിട്ടും ഇതുവരെ ടിവികെ ആരുമായും സഖ്യത്തിലെത്തിയിട്ടില്ല. പ്രധാന പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും ടിവികെയെ എൻഡിഎ മുന്നണിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഡിഎംകെയെ രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും വിജയ് വിശേഷിപ്പിച്ചിട്ടുണ്ട്.
ബിജെപിയുമായി നേരിട്ടോ അല്ലാതെയോ സഖ്യം ഉണ്ടാകില്ലെന്ന നിലപാടിലാണ് ടിവികെ. അതേസമയം, കോൺഗ്രസുമായി സഖ്യം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്.








