കൊല്ലത്ത് പെൺകുട്ടിയെ ക്രൂരമായി തല്ലി ട്യൂഷൻ മാസ്റ്റർ; കൈവെള്ളകൾ തടിച്ചു നീരുവന്ന നിലയിൽ
അഞ്ചൽ: ക്ലാസ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിന്റെ പേരിൽ ട്യൂഷൻ മാസ്റ്റർ പെൺകുട്ടിയെ ക്രൂരമായി മർദിച്ചതായി രക്ഷാകർത്താക്കളുടെ പരാതി.
കൈവെള്ളയിൽ ശക്തമായി അടിയേറ്റതിനെ തുടർന്ന് ഒരു പെൺകുട്ടിയുടെ വിരൽ പൊട്ടിയതായും, കുട്ടി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും രക്ഷിതാക്കൾ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഏരൂർ നെട്ടയം ഗവ. ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ ഉടമയും കണക്ക് അധ്യാപകനുമായ രാജീവ് എന്നയാളാണ് പരാതിയിൽ പ്രതി.
ഇയാൾക്കെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഏരൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.
സ്കൂൾ പരീക്ഷകൾ അടുത്തെത്തിയ സാഹചര്യത്തിൽ, ട്യൂഷൻ സെന്ററിൽ വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ ‘സ്പെഷ്യൽ നൈറ്റ് ക്ലാസ്’ സംഘടിപ്പിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു.
ഈ ക്ലാസിന് നാൽപതോളം കുട്ടികളാണ് എത്തിയത്. കണക്ക് വിഷയത്തിൽ നടന്ന പരീക്ഷയിൽ നാൽപതിൽ താഴെ മാർക്ക് നേടിയ 38 കുട്ടികൾക്ക് ട്യൂഷൻ മാസ്റ്റർ ശിക്ഷ നൽകിയതായാണ് ആരോപണം.
വിരൽ പൊട്ടിയ പെൺകുട്ടിക്ക് പരീക്ഷയിൽ 38 മാർക്ക് ലഭിച്ചിരുന്നുവെന്നും, അതാണ് മർദനത്തിന് കാരണമായതെന്നും രക്ഷിതാക്കൾ പറയുന്നു.
അടിയേറ്റ് മറ്റ് പല കുട്ടികളുടെയും കൈവെള്ളകൾ തടിച്ചും നീരുവന്ന നിലയിലുമാണ് ഉണ്ടായിരുന്നത്. ചില കുട്ടികൾക്ക് ശക്തമായ വേദനയും മാനസിക സംഘർഷവും അനുഭവപ്പെട്ടതായും പരാതിയിൽ പറയുന്നു.
സംഭവം അറിഞ്ഞതോടെ ചില രക്ഷകർത്താക്കൾ ട്യൂഷൻ സെന്ററിലെത്തി പ്രതിഷേധിച്ചു. സ്ഥാപനത്തിന്റെ ബോർഡും മറ്റ് ചില സാധനങ്ങളും പ്രതിഷേധത്തിനിടെ തകർത്തതായും റിപ്പോർട്ട് ചെയ്യുന്നു.
ട്യൂഷൻ മാസ്റ്റർ കുട്ടികളെ സ്ഥിരമായി മാനസിക സമ്മർദ്ദത്തിലാക്കുന്നതായും, അതിന്റെ ഫലമായി കുട്ടികൾക്ക് ഉറക്കം പോലും ലഭിക്കാത്ത അവസ്ഥയിലായിരുന്നുവെന്നും രക്ഷകർത്താക്കൾ ആരോപിച്ചു.
സംഭവത്തെ കുറിച്ച് വിശദീകരണം തേടാൻ രക്ഷിതാക്കൾ ട്യൂഷൻ മാസ്റ്ററോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ, ഇയാൾ ധിക്കാരപരമായും അപമാനകരമായും പെരുമാറിയതായും പറയുന്നു.
കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടു.









