ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനമാക്കി ഉയർത്തി ട്രംപ്
വാഷിങ്ടൺ ∙ ദക്ഷിണ കൊറിയൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ ഗണ്യമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് തീരുമാനം വ്യക്തമാക്കിയത്.
യുഎസുമായി നേരത്തെ ഉണ്ടാക്കിയ വ്യാപാര കരാർ ദക്ഷിണ കൊറിയ പാലിച്ചില്ലെന്നാരോപിച്ചാണ് തീരുവ വർധിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
വാഹനങ്ങൾ, തടി ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള തീരുവ 15 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്കാണ് ഉയർത്തിയിരിക്കുന്നത്.
മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിൽ യുഎസും ദക്ഷിണ കൊറിയയും തമ്മിൽ വ്യാപാര–സുരക്ഷാ കരാറിൽ എത്തിച്ചേർന്നതിന് ശേഷമാണ് ട്രംപിന്റെ അപ്രതീക്ഷിത നടപടി.
കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യൂങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ വ്യാപാര കരാർ സംബന്ധിച്ച ധാരണയുണ്ടായത്.
ദക്ഷിണ കൊറിയയുടെ അമേരിക്കയിലേക്കുള്ള നിക്ഷേപ വാഗ്ദാനങ്ങളും, അതിന്റെ പ്രതിഫലമായി യുഎസ് തീരുവയിൽ ഇളവുകളും ഉൾപ്പെടുത്തിയ ശേഷമാണ് കരാർ അന്തിമമാക്കിയിരുന്നത്.
അന്നത്തെ കരാർ പ്രകാരം, ദക്ഷിണ കൊറിയൻ വാഹനങ്ങൾ, കാർ ഭാഗങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് 15 ശതമാനം തീരുവയാണ് നിശ്ചയിച്ചിരുന്നത്.
ദക്ഷിണ കൊറിയൻ വാഹനങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന 25 ശതമാനം തീരുവ കുറച്ചത് കരാറിലെ നിർണായക തീരുമാനമായിരുന്നു.
ദക്ഷിണ കൊറിയയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 27 ശതമാനവും ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ മൊത്തം കാർ കയറ്റുമതിയുടെ പകുതിയോളം പങ്കുവഹിക്കുന്ന വിപണിയാണ് അമേരിക്ക.
പുതിയ തീരുമാനത്തോടെ തീരുവ വീണ്ടും 25 ശതമാനത്തിലേക്ക് ഉയർത്തുന്നത് ദക്ഷിണ കൊറിയയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ജപ്പാനും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള മറ്റ് പ്രധാന വ്യാപാര പങ്കാളികളിൽ നിന്ന് യുഎസിലേക്കുള്ള വാഹന കയറ്റുമതിക്ക് ഇപ്പോഴും 15 ശതമാനം മാത്രമാണ് തീരുവ ഈടാക്കുന്നത്.
ഇതുവഴി ദക്ഷിണ കൊറിയൻ ഉത്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ മത്സരക്ഷമത കുറയാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.









