ന്യൂസ് ഡസ്ക്ക് : വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാൻ വിപുലമായ ആഘോഷപരിപാടികളാണ് പിണറായി വിജയൻ സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ മന്ത്രിപട തന്നെ ഞായറാഴ്ച്ച വിഴിഞ്ഞത്ത് അണിനിരക്കും. വമ്പൻ ഉദ്യോഗസ്ഥ നിരയും അദാനിയും ഉന്നതരും എത്തും. ചൈനയിൽ നിന്നും വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ വ്യാഴാഴ്ച്ച വാട്ടർ സല്യൂട്ട് നൽകി ബർത്തിലടുപ്പിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച്ചത്തേയ്ക്ക് മാറ്റിയത് പരിപാടിയ്ക്ക് വലിയ വാർത്താപ്രാധാന്യം ലഭിക്കാൻ വേണ്ടിയാണ്. പക്ഷെ പരിപാടിയുടെ മോടി കുറയ്ക്കുന്ന രീതിയിൽ തിരുവനന്തപുരം രൂപത ഇടഞ്ഞ് നിൽക്കുന്നു. പദ്ധതി പ്രദേശം നിലനിൽക്കുന്ന വിഴിഞ്ഞത്ത് വലിയ സ്വാധീനമുള്ള തിരുവനന്തപുരം ഉദ്ഘാടനത്തിനെതിരെ വാർത്താസമ്മേളനം വിളിച്ച് ചേർത്തതും സർക്കാരിന് തിരിച്ചടിയായി. തിരുവനന്തപുരം വെള്ളയാമ്പലത്തുള്ള ലത്തീൻ രൂപതയുടെ ആസ്ഥാനത്ത് വികാരി ജനറൽ യൂജിൻ പെരേര നടത്തിയ വാർത്താസമ്മേളനത്തിൽ ഉദ്ഘാടനത്തെ അധിക്ഷേപിക്കാനും മറന്നില്ല. നാല് ക്രെയിൻ കൊണ്ട് വരുന്ന കപ്പലിനെ സ്വീകരിക്കാനാണോ ഉദ്ഘാടന മാമാങ്കം എന്നായിരുന്നു യൂജിൻ പെരേരയുടെ ചോദ്യം. വിഴിഞ്ഞം തുറമുഖം കാരണം സ്ഥലവും ജോലിയും നഷ്ടമാകുന്ന മത്സ്യതൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം രൂപത സമര സമയത്ത് ലഭിച്ച വാാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നാണ് യൂജിൻ പെരേരയുടെ വിമർശനം. ബിഷപ്പ് തോമസ് ജെ നെറ്റോയെ ഉദ്ഘാടന പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും യൂജിൻ പെരേര വെളിപ്പെടുത്തി.
നേരത്തെ തന്നെ സർക്കാരിന്റെ കണ്ണിലെ കരടാണ് രൂപത വികാരി ജനറൽ യൂജിൻ പെരേര. അദാനി തുറമുഖം വന്നതിനെ തുടർന്ന് പെരുമാതുറയിലെ മുതലപ്പൊഴിയിൽ അപകടം പെരുകുന്നതിനെതിരെ സമരം നയിച്ചത് യൂജിൻ പെരേര ആയിരുന്നു. അന്ന് സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി.ശിവൻകുട്ടി , ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞു. ഇതിന് പിന്നിൽ യൂജിൻ പെരേരയാണന്ന ശിവൻകുട്ടി ആരോപിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ വൈദീകനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.വിഴിഞ്ഞം ഉദ്ഘാടന ചടങ്ങ് യൂജിൻ പെരേരയുടെ നേതൃത്വത്തിൽ തടഞ്ഞേയ്ക്കുമെന്ന് സർക്കാർ സംശയിക്കുന്നു.
വൈദീകന്റെ വാർത്താസമ്മേളനം കഴിഞ്ഞയുടൻ സർക്കാർ നടത്തിയ നീക്കങ്ങൾ അത് വ്യക്തമാക്കുന്നു. യൂജിൻ പെരേര സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്തിയ രൂപതാ ആസ്ഥാനത്ത് വിഴിഞ്ഞം പോർട്ട് എംഡി അദീല അബ്ദുള വേഗത്തിലെത്തി. ബിഷപ്പ് തോമസ് ജെ നെറ്റോയെ നേരിട്ട് കണ്ട് ഉദ്ഘാടനത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. വിഴിഞ്ഞം പോർട്ട് എം.ഡി സ്ഥാനത്ത് നിന്നും സർക്കാർ നീക്കം ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അദീല അബ്ദുള്ള. എം.ഡി സ്ഥാനത്തേയ്ക്ക് നിയമിച്ച പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ ഔദ്യോഗികമായി സ്ഥാനമേൽക്കുന്നത് നാളെയാണ്. അത് കൊണ്ടാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത അദീന അബ്ദുള്ളയെ തന്നെ ബിഷപ്പിനെ ക്ഷണിക്കാൻ അയച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തുറമുഖമന്ത്രിയോ , ജില്ലയുടെ ചുമതലയുള്ള മന്ത്രിയോ ബിഷപ്പ് ഹൗസിലേയ്ക്ക് എത്തിയില്ല.
സഭയുടെ പൊതുനിലപാടിൽ നിന്നും വിഴിഞ്ഞം പ്രദേശവാസികൾ ഉൾപ്പെടുന്ന ഇടവ നിവാസികളെ അടർത്തി മാറ്റി ഉദ്ഘാടന ചടങ്ങിലെത്തിക്കാനും ശ്രമം അണിയറയിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. തുറമുഖം കാരണം ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരം കൂട്ടി സർക്കാർ ഉത്തരവിറക്കി. ഒരാൾക്ക് 4.22 ലക്ഷം രൂപ വീതം നൽകുമെന്നാണ് ഉത്തരവ്. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു വാഗ്ദാനം.
വിഴിഞ്ഞം തുറമുഖം
അടുത്ത വർഷം അവസാനത്തോടെ വിഴിഞ്ഞം തുറമുഖം വിഭാവനം ചെയ്തിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ആരംഭിക്കുമെന്ന് അദാനി തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ അറിയിച്ചിട്ടുള്ളത്. 2024 മെയ് മാസം ഒന്നാം ഘട്ടം പൂർത്തിയാക്കി ചരക്കുകപ്പലുകൾ എത്തിച്ച് തുടങ്ങും. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനും നങ്കൂരമിടാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക തുറമുഖവുമായി വിഴിഞ്ഞം മാറുമെന്നാണ് അദാനിയുടെ അവകാശവാദം. മൂന്നാംഘട്ടത്തിൽ തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 3 ദശലക്ഷം ടി.ഇ.യായി ഉയർത്തും. ചരക്കുനീക്കത്തിന് ആദ്യഘട്ടത്തിൽ 32 ക്രെയിനുകളാകും ഉണ്ടാവുക. എട്ട് ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളും. കഴിഞ്ഞദിവസമെത്തിയ ആദ്യ കപ്പലിൽ ഒരു ഷോർ ക്രെയിനും 2 യാർഡ് ക്രെയിനുകളുമാണുള്ളത്.തുറമുഖം പ്രവർത്തന സജ്ജമാകുന്നതോടെ 650പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.