ഡൽഹി: ഡൽഹിയിൽ അതിശക്ത മഴയിലും കാറ്റിലും വ്യാപക നാശം. ദ്വാരക ജില്ലയിൽ വീടിന്‍റെ മേൽക്കൂരയിൽ മരം വീണതിനെ തുടർന്ന് അമ്മയും മൂന്നും കുഞ്ഞുങ്ങളും മരിച്ചു. 26 വയസ്സുള്ള ജ്യോതിയും മക്കളുമാണ് മരിച്ചത്.
അപകടത്തെ തുടർന്ന് അഗ്നിശമനസേനയെത്തി നാല് പേരെയും ജാഫർപൂർ കലാനിലെ ആർടിആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജ്യോതിയുടെ ഭർത്താവ് അജയ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അജയ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കനത്ത മഴയെ തുടർന്ന് ദില്ലിയിൽ 120 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. 40 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 46 മിനിട്ട് വരെ വൈകിയാണ് വിമാനങ്ങൾക്ക് പുറപ്പെടാനായത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ പുതിയ സമയ ക്രമം പരിശോധിക്കണമെന്ന് വിമാന കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് ആണ് രൂപപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു.