തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് ഇനി കൃഷ്ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് നിർദ്ദേശം. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ പുതിയ നടപടി ഉണ്ടായിരിക്കുന്നത്. അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും അരളി ചെടി ജീവനെടുത്തിരുന്നു. അരളി ചെടി തിന്ന പത്തനംതിട്ട തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്. കാലികള്‍ക്ക് നല്‍കിയ തീറ്റയില്‍ അയല്‍ക്കാര്‍ വെട്ടിക്കളഞ്ഞ അരളി ചെടി ഉള്‍പ്പെട്ടതാണ് പശുക്കളുടെ ജീവനെടുത്തത്.
അതേസമയം യുവതിയുടെ രാസപരിശോധനാഫലത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചാൽ അരളിപ്പൂക്കളുടെ ഉപയോഗം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അരളിപ്പൂവിൽ വിഷം കലർന്നിട്ടുണ്ടെന്ന് ആറ് മാസം മുൻപ് ചർച്ചകൾ ഉയർന്നിരുന്നു. ഈ സമയം മുതൽ നിവേദ്യത്തിൽ അരളിപ്പൂവ് ഉപയോഗിക്കാറില്ല. ഇപ്പോൾ പുഷ്പാഭിഷേകത്തിനും വലിയ ഹാരങ്ങൾക്കുമാണ് അരളിപ്പൂവ് ഉപയോഗിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും അരളി പൂവ് വ്യാപകമായി നിരോധിച്ച് വരുന്നുണ്ട്. അതിനിടെ വന ഗവേഷണ കേന്ദ്രവും അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്.