തിരുവനന്തപുരം: ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് നടത്തിയ വിവരം പുറത്തുവിട്ടത് ഉദ്യോഗസ്ഥരാണെന്ന മോഹൻലാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായതാണെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. വഴിപാട് പരസ്യപ്പെടുത്തിത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറയുന്നു.
വഴിപാട് നടത്തിയ ഭക്തന് നൽകിയ രസീതിന്റെ ഒരു ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടർ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആൾക്ക് കൈമാറിയിരുന്നു.
ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും വന്നിട്ടില്ല. വസ്തുതകൾ ബോധ്യപ്പെട്ട് മോഹൻലാൽ തിരുത്തുമെന്നാണ് പ്രത്യാശയെന്നും ബോർഡ് പ്രസ്താവനയിൽ പറയുന്നു.
എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മോഹൻലാൽ വഴിപാടിനെപറ്റി സംസാരിച്ചത്. മമ്മൂട്ടി സുഖമായിരിക്കുന്നു.
അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്‌നമുണ്ടായി. എല്ലാവർക്കും ഉണ്ടാകുന്നതുപോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നതിൽ എന്താണ് തെറ്റെന്നും മോഹൻലാൽ ചോദിച്ചിരുന്നു. ഒരാൾക്കുവേണ്ടി പ്രാർഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും ദേവസ്വം ബോർഡിലെ ആരോ ആണ് വഴിപാട് രസീത് ചോർത്തിനൽകിയതെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ഒരാഴ്ച മുമ്പാണ് മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയത്. മമ്മൂട്ടിക്കുവേണ്ടി മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മോഹൻലാൽ വഴിപാട് കഴിച്ചത്.









