മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്
മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി രൂപവൽക്കരിച്ച പ്രൈമറി റെസ്‌പോൺസ് ടീം (പിആർടി) അംഗങ്ങൾക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ ഡോർമെറ്ററിയിൽ നടന്ന പരിപാടിയിൽ ഡിഎഫ്ഒ സാജു വർഗീസ് അധ്യക്ഷനായി.
മൂന്നാർ റേഞ്ചിന് കീഴിലുള്ള നാലപ്പതോളം പിആർടി അംഗങ്ങൾക്കാണ് ക്യാമ്പിൽ പരിശീലനം നൽകിയത്.
പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ, സംസ്ഥാന സർക്കാരിന്റെ മിഷൻ പിആർടി, വന്യജീവികളുടെ പെരുമാറ്റം, ആക്രമണം നേരിട്ടാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ, സർവൈവൽ സ്‌കിൽസ്, റസ്‌ക്യു ഓപ്പറേഷൻ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
പിന്നീട് ചർച്ചയും മോക്ക് ഡ്രില്ലും നടന്നു. റെയിഞ്ച് ഓഫീസർ എസ്. ബിജു, മൂന്നാർ എസ്.എച്ച്.ഒ. ബിനോദ്കുമാർ, പഞ്ചായത്ത് സെക്രട്ടറി ജി. പി. ഉദയകുമാർ, ബി. പ്രമോദ് കൃഷ്ണ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
മൂന്നാർ പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചുവന്ന പശ്ചാത്തലത്തിലാണ് പ്രദേശത്തെ യുവാക്കളെ ഉൾപ്പെടുത്തി പിആർടി രൂപവൽക്കരിച്ചത്.
കാട്ടാനകളുടെ സാന്നിധ്യം മനസ്സിലാക്കി ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വിവരം നൽകുക എന്നതായിരുന്നു ലക്ഷ്യം. കെഡിഎച്ച്പി കമ്പനി ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, ടൂറിസ്റ്റ് ഗൈഡുകൾ തുടങ്ങിയവർ ഉൾപ്പെടെ 599 പേരാണ് വിവിധ ടീമുകളിലായി പ്രവർത്തിക്കുന്നത്.









