വാളയാർ: റെയില്‍വേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിന്‍ എഞ്ചിന്‍റെ അടിയിൽ കുടുങ്ങി ചത്തു. കഞ്ചിക്കോട് റെയില്‍വേ ട്രാക്കിൽ വെച്ചാണ് സംഭവം. എഞ്ചിന് അടിയിൽ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി. ഒടുവിൽ ട്രെയിൻ പാലക്കാട് ജങ്ഷൻ സ്‌റ്റേഷനിലെത്തിയ ശേഷമാണ് മയിലിനെ പുറത്തെടുക്കാനായത്. എന്നാൽ മയിലിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകിട്ട് 5.30ന് കഞ്ചിക്കോട് ചുള്ളിമടയിലാണ് സംഭവം. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ് മയിൽ കുടുങ്ങിയത്. ശബ്ദം കേട്ടെങ്കിലും വനമേഖല ആയതിനാൽ ലോക്കോപൈലറ്റിന് ട്രെയിൻ നിർത്താനായില്ല. തുടർന്ന് 5.55ന് ട്രെയിൻ പാലക്കാട്ടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്നു ആർപിഎഫ് ടീം സ്ഥലത്തെത്തി. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവിലാണ് മയിലിന്റെ പുറത്തെടുത്തത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കൊട്ടേക്കാട് ആനയെ ട്രെയിൻ ഇടിച്ചതും പിന്നീട് ചികിത്സയ്ക്കിടെ ആന ചരിഞ്ഞതും വിവാദമായിരുന്നു. കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആനയ്ക്ക് പരിക്കേറ്റത്. വലത്തേ പിൻകാലിന്റെ അറ്റത്തായിരുന്നു പരിക്കേറ്റത്. കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ ആനയ്ക്ക് മരുന്നുകളും മറ്റ് ചികിത്സയും നൽകിയെങ്കിലും ആന ചരിഞ്ഞു. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.