ഇടുക്കി പെരുവന്താനം പുല്ലുപാറയിൽ വഴിയോരത്ത് വ്യാപാരം നടത്തുന്ന രണ്ടു കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നാളുകളായി തുടരുന്ന തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസുകാരന് സോഡാക്കുപ്പിയ്ക്ക് അടിയേറ്റതോടെ അഞ്ചുപേർ അറസ്റ്റിലായി. Traders clashed on the roadside in Pullupara, Idukki
മണ്ഡലകാലമായതിനാൽ പ്രദേശത്ത് പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന പോലീസുകാരൻ സംഘർഷം പരിഹരിക്കാനെത്തിയതോടെയാണ് സോഡാക്കുപ്പിക്ക് അടിയേറ്റത്. അടിയേറ്റ മൂന്നാർ സ്റ്റേഷനിലെ സി.പി.ഒ. കെ.എ. മുഹമ്മദ് (29) മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ പുല്ലുപാറ സ്വദേശികളായ ഷാജി, അർജുനൻ, സുജിത്ത്, സുജിൽ, ജുബി ജോയി എന്നിവരെ അറസ്റ്റുചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉൾപ്പെടെ മൂന്നു കേസുകൾ ഇവരുടെ പേരിലെടുത്തു.