തക്കാളിവില രാജ്യത്ത് പലയിടത്തും നൂറുകടന്നു. സെപ്റ്റംബര്‍ അവസാനത്തോടെ 60 രൂപ കടന്ന തക്കാളി വില ഒക്ടോബര്‍ ആദ്യവാരത്തോടെ 100 തൊടുകയായിരുന്നു. ഉത്സവ സീസണ്‍ ആയതിനാല്‍ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.Tomato prices have crossed hundred in many parts of the country
നാസിക്കില്‍ 20 കിലോ വരുന്ന പെട്ടിക്ക് 1,500–1,600 രൂപയാണ് വില. അമിത മഴയും വൈറസ് ആക്രമണവുമാണ് ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. മഹാരാഷ്ട്ര അടക്കമുള്ള പ്രധാന ഉല്പാദന സംസ്ഥാനങ്ങളെല്ലാം വിള നാശ ഭീഷണി നേരിടുകയാണ്.
തക്കാളിക്ക് ഗണ്യമായി വില ഇടിഞ്ഞ സമയങ്ങളില്‍ പല കർഷകരും ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതും ഉല്പാദനം കുറയാന്‍ കാരണമായി.
ഈ വര്‍ഷം ജൂണിലും തക്കാളി വില 100 രേഖപ്പെടുത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ വിപണിവില പിടിച്ചുനിര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കി തക്കാളി വില്പന ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ഇന്നലെ വിപണി വിലയായ 90ല്‍ നിന്ന് 65 രൂപയായി കുറച്ചായിരുന്നു വില്പന. മണ്ഡികളിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച് കിലോയ്ക്ക് 65 രൂപ നിരക്കിൽ എൻസിസിഎഫാണ് വിതരണം ചെയ്യുന്നത്.