തിരുവനന്തപുരം: ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.
പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്റ്റര്‍ അമ്പതുനോമ്പാചരണത്തിന്റെ സമാപനം കൂടിയാണ്. ഗാഗുൽത്താമലയിലേക്കുള്ള ക്രിസ്തുവിന്‍റെ പീഡാനുഭവയാത്രയുടെ ഓർമയിൽ വിവിധ മലകളിലേക്കും കുരിശടികളിലേക്കുമാണ് ‘കുരിശിന്‍റെ വഴി’ നടത്തിയത്. കുരിശ് ആരാധന, കയ്പുനീർ കുടിക്കൽ എന്നിവ ദുഃഖവെള്ളി ആചരണത്തിന്‍റെ ഭാഗമായി നടത്തിയിരുന്നു. യാക്കോബായ, ഓർത്തഡോക്സ് പള്ളികളിൽ ഇന്നലെ വൈകീട്ട് ശുശ്രൂഷകൾ നടന്നു.
സിറോ മലബാർ സഭയുടെ ഭൂരിഭാഗം പള്ളികളിലും ഇന്നു പുലർച്ചെ മുതൽ ഈസ്റ്റർ ആഘോഷങ്ങൾ തുടങ്ങി. കോതമംഗലം രൂപതക്ക് കീഴിലെ ആരക്കുഴ സെന്‍റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദൈവാലയത്തിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. സുശ്രൂശകളിലും വിശുദ്ധ കുർബാനകളിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പട്ടം സെന്റ് മേരിസ് പള്ളിയിൽ കർദിനാൾ ക്ലിമിസ് ബാവ നേതൃത്വം നൽകി.
ബറോഡ മാർ ഗ്രിഗോറിയോസ് വലിയപള്ളിയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഈസ്റ്റർ ശുശ്രൂഷകൾക്കായി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തിൽ നിന്നും മാർപ്പാപ്പ വിട്ടുനിന്നിരുന്നു.
ഈസ്റ്റർ ആചരണത്തിന്റെ ചരിത്രം:
ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസ പ്രഖ്യാപനത്തിലൂടെയാണ്.
‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്നൊരാൾ പറയുമ്പോൾ ‘സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.
നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാർ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽ തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു.
സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു. 1953-ൽ മലങ്കര സഭ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചതോടെ കേരളത്തിലെ ബഹുഭൂരിപക്ഷം സഭകളും ഒരേ ദിനമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിലെ കൽദായ സുറിയാനി സഭയടക്കം ഏകദേശം 20 കോടി ക്രൈസ്തവർ ഇപ്പോഴും ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത്.
2010-ലെയും 2011-ലെയും ഈസ്റ്റർ ദിനങ്ങൾ രണ്ടു കലണ്ടർ സമ്പ്രദായങ്ങൾ പാലിക്കുന്ന സഭകളിലും ഒരേ ദിനമാണ് ആഘോഷിക്കപ്പെട്ടത്. തുടർച്ചയായ വർഷങ്ങളിൽ ഇതു സംഭവിക്കുന്നത് അപൂർവ്വമാണ്.