എറണാകുളം: അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.(Timber lorry and traveler collide at Angamaly; traveler driver died)
19 സ്ത്രീകൾ സഞ്ചരിച്ചിരുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്‍റെ ഡ്രൈവറായ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവിൽ വെച്ചാണ് അപകടം നടന്നത്. ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇരു വാഹനത്തിന്‍റെയും ഡ്രൈവര്‍മാര്‍ ഉറങ്ങിയിട്ടില്ലെന്നുമാണ് വിവരം.
കാറ്ററിങ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറിൽ തിരിച്ച് വരുന്നതിനിടെയാണ് സംഭവം. അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു തടി ലോറി.