തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് വർണാഭമായി. ഇരു വിഭാഗവും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചുള്ള സാമഗ്രികൾ കൊണ്ടാണ് ആകാശപൂരം ഒരുക്കിയത്. രാത്രി 7ന് ആദ്യം തിരുവമ്പാടിയും തുടര്‍ന്നു പാറമേക്കാവും സാംപിളിനു തിരി കൊളുത്തിയപ്പോൾ കാണികൾ ആർപ്പു വിളിച്ചു.
തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശനും പാറമേക്കാവിനു വേണ്ടി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് ഒരുക്കിയത്. സ്വരാജ് റൗണ്ടില്‍ പൊലീസ് അനുവദിച്ച സ്ഥലങ്ങളില്‍ നിന്നു മാത്രമാണ് സാംപിള്‍ വെടിക്കെട്ടു കാണാന്‍ അനുവാദം നൽകിയിരുന്നത്.
മെയ് ആറിനാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ആഘോഷിക്കുന്നത്. തിങ്കളാഴ്ച പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. രാവിലെ 11ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറന്ന് പൂര വിളംബരം കുറിക്കുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.
തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നടന്നിരുന്നു. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.









