തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂർ നടത്തിയ ‘മോദി ഗ്യാരണ്ടി’ പ്രസംഗത്തെ വിമർശിച്ച് തൃശ്ശൂർ അതിരൂപത മുഖപത്രം. കത്തോലിക്കാ സഭ ഫെബ്രുവരി ലക്കത്തിലെ ലേഖനത്തിലാണ് വിമർശനം. മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് ‘മോദി ഗ്യാരണ്ടി’ എന്ന തലക്കെട്ടിലാണ് ലേഖനം നൽകിയിരിക്കുന്നത്. മണിപ്പൂരിന്റെ വേദനയ്ക്ക് പരിഹാരം കാണാതെ തൃശൂരിൽ വന്ന് വികസനങ്ങളുടെ ഗ്യാരണ്ടി പ്രസംഗിച്ചെന്നാണ് വിമർശനം.
കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ഒരേ ഒരു ലക്ഷ്യത്തോടെ പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുന്നു. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരണ്ടി. കുക്കി വംശജരായ ക്രൈസ്തവരെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നതിനെ വിസ്മരിച്ചാണ് വലിയ ഉറപ്പുകളുമായി പ്രധാനമന്ത്രി എത്തിയത്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന മോദിയുടെ ഗ്യാരണ്ടിയെക്കുറിച്ച് ഒരു ബിജെപിക്കാരനും മിണ്ടുന്നില്ലെന്നും ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്.
തൃശൂരില്‍ സ്ത്രീ ശക്തി സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗം നടത്തിയത്. മോദിയുടെ ഗ്യാരണ്ടിയെന്ന് മലയാളത്തില്‍ ഓരോ തവണയും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മോദിയുടെ ഗ്യാരണ്ടി എന്നാല്‍ എല്ലാ ഗ്യാരണ്ടിയും നടപ്പിലാക്കുമെന്ന ഗ്യാരണ്ടിയാണ്. എല്ലാ പ്രവര്‍ത്തകരും അവരുടെ ബൂത്തിലെ വിജയം ഉറപ്പാക്കണം. എല്ലാ ബൂത്തിലും ജയിച്ചാല്‍ കേരളത്തിലും ജയിക്കാം. എല്ലാ ബൂത്തുകളിലും കഠിനപ്രയത്‌നം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: പൊലീസിന്റെ പെരുമാറ്റത്തിന് വിമർശനം : ഇനിയൊരു സർക്കുലർ ഇറക്കാൻ ഇടവരുത്തരുത് : കടുപ്പിച്ച് ഹൈക്കോടതി