മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. മുനമ്പം സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂർ അതിരൂപതാ പ്രതിനിധി സംഘം സമരഭൂമി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദേഹം.Munambam
സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാർ നീലങ്കാവിൽ പറഞ്ഞു. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവർക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കിൽ മാത്രം കണ്ണുവെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് മാർ നീലങ്കാവിൽ കൂട്ടിച്ചേർത്തു.
അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, കത്തോലിക്ക കോൺഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു. വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ, ഫാ. വർഗീസ് കൂത്തൂർ, ഫാ. അനീഷ് കൂത്തൂർ, ഫാ. ലിവിൻ ചൂണ്ടൽ, ഷിന്റോ മാത്യു, എൽസി വിൻസെന്റ്, കെ.സി ഡേവിസ്, എ.എ ആന്റണി തുടങ്ങിയവർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.









