ആലപ്പുഴ: പള്ളിപ്പുറത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിൽ കുളിക്കാനിറങ്ങിയ യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
പള്ളിപ്പുറം സ്വദേശികളായ കളരിത്തറ വീട്ടില്‍ ജയരാജ്(27), പുത്തന്‍ നികത്തില്‍ അതുല്‍ കൃഷ്ണ(27), മണ്ണാറംകാട് വീട്ടില്‍ യദുകൃഷ്ണന്‍(25) എന്നിവരാണ് വാട്ടര്‍ ടാങ്കില്‍ അനധികൃതമായി കയറിയത്.
ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. മദ്യലഹരിയിൽ യുവാക്കൾ 24 മീറ്റര്‍ ഉയരമുള്ള വാട്ടര്‍ ടാങ്കില്‍ കയറുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്.
തുടർന്ന് പൊലീസെത്തി യുവാക്കളെ താഴെയിറക്കി അറസ്റ്റ് രേഖപ്പെടുത്തി. ടാങ്ക് മലിനമായതിനാല്‍ തന്നെ ടാങ്കിലെ വെള്ളം മുഴുവന്‍ അധികൃതര്‍ വറ്റിക്കേണ്ടി വന്നു.
ഇതേത്തുടര്‍ന്ന് പള്ളിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. ടാങ്കിന് 16 ലക്ഷം ലിറ്റര്‍ വെള്ളം കൊണ്ടുപോകാനുള്ള ശേഷിയുണ്ട്. 50,0000ത്തിലധികം ആളുകളുടെ കുടിവെള്ള വിതരണം ആണ് രണ്ട് ദിവസത്തേയ്ക്ക് തടസപ്പെട്ടത്.
പ്രാഥമിക കണക്കനുസരിച്ച് കെഡബ്ല്യുഎയ്ക്ക് 1.4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. വരും ദിവസങ്ങളിലെ കൃത്യമായ കണക്കറിയാന്‍ കഴിയുകയുള്ളു.
വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം ചൊവ്വാഴ്ചയോടെ വീണ്ടും വെള്ളം വിതരണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Summary: Three youths who were caught bathing in the Kerala Water Authority tank at Pallippuram have been remanded for 14 days.