സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം
ഇരവിപുരം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കി.
സി.പി.എം നേതാവും മുൻ കൗൺസിലറുമായ സജീവും കൂട്ടാളികളും ചേർന്നാണ് സ്റ്റേഷനിൽ അക്രമാസക്തമായ പെരുമാറ്റം നടത്തിയതെന്ന ആരോപണം ഉയർന്നത്.
സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറും അസിസ്റ്റന്റ് കമ്മീഷണറും സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കമ്മീഷണർ നേരിട്ട് പരിശോധിച്ചതായാണ് വിവരം.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏതാനും പ്രവർത്തകരോടൊപ്പം സ്റ്റേഷനിലെത്തിയ മുൻ പള്ളിമുക്ക് കൗൺസിലർ സജീവിന്റെ പെരുമാറ്റം അതിരുവിട്ടതായാണ് പൊലീസ് പറയുന്നത്.
വാഴയിലയിൽ അവലും മലരും പഴവും കൊണ്ടുവന്ന് എസ്.ഐയുടെ മുന്നിലേക്ക് വെച്ച് “ഇത് നിനക്കുള്ളതാണ്” എന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതായും, “നിന്നെ ഞാൻ ശരിയാക്കും, നിന്റെ തോളിൽ നക്ഷത്രം കയറിയിട്ട് കുറച്ചുനാൾ അല്ലേ ആയുള്ളൂ” എന്നുവെച്ച് എസ്.ഐയെ അപമാനിച്ചതായുമാണ് പരാതി.
സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം
ഇതിന് പുറമെ സ്റ്റേഷനിലെ ഗ്രിൽ വലിച്ച് കേടുപാടുണ്ടാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ പശ്ചാത്തലവും പൊലീസ് വിശദീകരിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിനത്തിൽ ഇരവിപുരം തിരുമുക്കിലെ ഒരു പെട്രോൾ പമ്പിൽ ബൈക്ക് പെട്രോൾ അടിക്കാൻ നിർത്തിയപ്പോൾ ഒരു കാർ ഇടിച്ച് അപകടമുണ്ടായി.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പമ്പിലെ ഒരു ജീവനക്കാരിയുടെ ദേഹത്ത് ഇടിക്കുകയും അവർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ ജീവനക്കാരിയെ ആശുപത്രിയിലാക്കിയ ശേഷം തിരികെ എത്തിയ പൊലീസ്, ബൈക്ക് യാത്രക്കാരിൽ നിന്ന് ബൈക്കിന്റെ താക്കോൽ എസ്.ഐ വാങ്ങിക്കൊണ്ടുപോയിരുന്നു.
സംഭവമറിഞ്ഞെത്തിയ കൗൺസിലർ സജീവും ഇടപെട്ട് അപകടത്തിൽപ്പെട്ടവരുമായും വാഹനങ്ങളുടെ ഉടമകളുമായും ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിച്ചതായാണ് നാട്ടുകാർ പറയുന്നത്.
ബൈക്കിന്റെ താക്കോൽ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതിനാൽ, സ്റ്റേഷനിലെ പി.ആർ.ഒയുമായി സംസാരിച്ചാണ് ഒത്തുതീർപ്പിലെത്തിയതെന്നും പറയുന്നു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം ബൈക്ക് തിരികെ വാങ്ങാനായി സ്റ്റേഷനിലെത്തിയ യുവാവിനോട് എസ്.ഐ സജീവിനെ കുറിച്ച് മോശമായി സംസാരിച്ചുവെന്നാണ് ആരോപണം.
ഈ വിവരം അറിഞ്ഞതോടെയാണ് സജീവും അനുയായികളും സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമാണ് സജീവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ എസ്.ഐ രഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സജീവിനെയും കണ്ടാലറിയാവുന്ന 10 പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് സി.പി.എം ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും പാർട്ടി നേതൃത്വം വ്യക്തമാക്കി.









