കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ പള്ളിവയലിനെതിരെയാണ് കൽപറ്റ പോലീസ് കേസെടുത്തത്. കൽപറ്റ ഇൻസ്പെക്ടർ കെ.ജെ. വിനോയ് നൽകിയ പരാതിയിലാണ് നടപടി.(Threat post against police officer; case was filed against the Youth Congress leader)
വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ശനിയാഴ്ച വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ജഷീറിന് ക്രൂരമായി മർദനമേറ്റിരുന്നു. ജഷീറിനെ പേരുവിളിച്ച് പൊലീസ് തല്ലിയെന്നാണ് ആരോപണം.
ഇതിനു പിന്നാലെയാണ് ഇൻസ്പെക്ടർ കെ.ജെ. വിനോയിക്കെതിരെ പോസ്റ്റുമായി ജംഷീർ രംഗത്തെത്തിയത്. വിനോയിയുടെ ചിത്രത്തോടൊപ്പം ‘ദൈവം ആയുസ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ.ജെ. തന്നെ വിടത്തില്ല’ എന്നായിരുന്നു ജഷീർ കുറിച്ചിരുന്നത്. തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് വിനോയ് നൽകിയ പരാതിയിൽ പറയുന്നു.