കൊച്ചി: താമസ സ്ഥലത്ത് നിന്ന് എംഡിഎംഎ പിടിച്ച കേസിൽ യൂട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ലഹരി കേസിൽ ഡ്രൈവർ പൊലീസ് പിടിയിലായതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി തൊപ്പി കോടതിയെ സമീപിച്ചത്. എന്നാൽ നിലവില്‍ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.(Thoppi’z anticipatory bail plea to be considered today)
കഴിഞ്ഞ മാസം പതിനഞ്ചിന് ആണ് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്ന് രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയത്. പിന്നീട് ഈ കേസില്‍ തൊപ്പിയുടെ ഡ്രൈവര്‍ ജാബിറും അറസ്റ്റിലായി. ഇതോടെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല്‍ പൊലീസ് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാണ് ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം. രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.