ഗുജറാത്തിനെതിരെയുള്ള സെമി ഫൈനൽ സമനലിയൽ പിരിഞ്ഞതിന് പിന്നാലെ രഞ്ജി ട്രോഫി ഫൈനലിൽ കടന്ന് കേരളം. ആദ്യ ഇന്നിങ്സിൽ നേടിയ രണ്ട് റൺസ് ലീഡാണ് കേരളത്തെ ഫൈനലിൽ എത്തിച്ചത്. നാലം ദിനം സ്റ്റംമ്പ് എടുക്കുമ്പോൾ ഏഴിന് 429 റൺസ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. 161 പന്തിൽ 74 റൺസുമായി ജെ.എം പട്ടേലും 134 പന്തിൽ 24 റൺസുമായി എസ്. ദേശായിയുമായിരുന്നു ക്രീസിൽ.
ഒന്നിന് 222 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും എട്ടാം വിക്കറ്റിൽ പട്ടേലും ദേശായിയും പാറ കണക്കെ ഉറച്ച് നിന്നതോടെ ലീഡിലേക്ക് അടുക്കുകയായിരുന്നു. അഞ്ചാം ദിനം ഗുജറാത്ത് 28 റൺസ് നേടുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റ് നേടണമായിരുന്നു. തുടക്കം തന്നെ രണ്ട് വിക്കറ്റ് നേടി കേരളം തിരിച്ചുവന്നു.
അവസാന വിക്കറ്റിൽ അർസാൻ നാഗ്വസ്വല്ല പ്രിയത്സിങ് ജഡേജയും 11 ഓവറോളം ചെറുത്ത് നിന്നു. ഒമ്പത് റൺസാണ് ഇരുവരും പത്താം വിക്കറ്റിൽ ചേർത്തത്. എന്നാൽ ലീഡിന് തൊട്ടരികെ ഷോർട്ട് ലെഗ് ഫീൽഡറുടെ ഹെൽമെറ്റിൽ കൊണ്ട പന്ത് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന സച്ചിൻ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ കേരളത്തിന് രണ്ട് റൺസിൻറെ നാടകീയമായ ലീഡ്.
ശേഷിക്കുന്ന രണ്ട് സെഷനിൽ ഗുജറാത്തിന് അവിശ്വസീനീയ പ്രകടനം പുറത്തെടുത്താൽ മാത്രമായിരുന്നു സാധ്യത ഉണ്ടായിരുന്നത്. എന്നാൽ അത്തരത്തിൽ ഒന്നും നടക്കാതിരുന്നതോടെ കേരളം ഫൈനൽ ഉറപ്പിച്ചു. 74 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ കടക്കുന്നത്. മറ്റൊരു സെമിഫൈനലിൽ മുംബൈയെ തോൽപ്പിച്ച വിദർഭയാണ് ഫൈനലിൽ കേരളത്തിൻറെ എതിരാളികൾ. സ്കോർ വിദർഭ- 383&292, മുംബൈ- 270&325.
നേരത്തെ ഒന്നാം ഇന്നിങ്സിൽ 177 റൺസ് നേടിയ അസ്ഹറാണ് കേരളത്തിൻറെ ടോപ് സ്കോറർ. 341 പന്തുകൾ ചെറുത്ത് നിന്ന അസ്ഹറുദ്ദീൻ 20 ഫോറുകളും ഒരു സിക്‌സറുമടിച്ചാണ് 177 റൺസ് സ്വന്തമാക്കിയത്. ഗുജറാത്ത് ബൗളർമാർക്കൊന്നും അദ്ദേഹം പുറത്താക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ സച്ചിൻ ബേബി 69 റൺസും സൽമാൻ നിസാർ 52 റൺസും സ്വന്തമാക്കി.