ആലപ്പുഴ: കരുവാറ്റയിലെ എടിഎമ്മിൽ നിന്നും അതി വിദഗ്ധമായി പണം കവർന്ന് മുങ്ങിയ മോഷ്ടാക്കൾ പിടിയിൽ. മധ്യപ്രദേശ് ജബൽപുർ സ്വദേശി ധർമേന്ദ്ര സാഹു (34), ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്നും 38 എടിഎം കാർഡുകളും പിടിച്ചെടുത്തു. എടിഎം കവർച്ച ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഉത്തരേന്ത്യൻ സംഘങ്ങളിലെ കണ്ണികളാകാം ഇവർ എന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഇവർ കരുവാറ്റയിലെ സ്വകാര്യ എടിഎമ്മിൽ നിന്നും പതിനായിരം രൂപ കവർന്നത്. സ്ഥിരം കണ്ടുവരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായാണ് എടിഎമ്മിൽ നിന്നും പണം കവർന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവരുടെ തട്ടിപ്പിന്റെ രീതി പുറത്തുകൊണ്ടുവന്നത്. എടിഎം കാർഡ് ഇട്ട ശേഷം മെഷീനിന്റെ മുൻഭാഗം തുറന്നാണ് ഇവർ പണം കവർന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ എത്തിയ സ്കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളുടെ ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത് അന്വേഷണത്തിന് ഏറെ സഹായകമായി.
കലവൂരിൽ നിന്ന് വാടകയ്‌ക്കെടുത്ത സ്കൂട്ടർ തിരികെ നൽകാൻ എത്തിയപ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതികൾ പണവുമായി ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.