കള്ളന്മാർ പലവിധമാണ്. പലരുടെയും മോഷണ രീതികളും വ്യത്യസ്തവും. എന്നാൽ ഇത്തരത്തിൽ ഒരു കള്ളനെ കണ്ടു കിട്ടുക പ്രയാസമാണ്. മോഷണ വസ്തു നഷ്ടപരിഹാരം അടക്കം തിരിച്ചു കൊടുത്താണ് കള്ളൻ ‘നന്മമരം’ ആയത്.
സംഭവം ഇങ്ങനെ:
വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി.ഷാഫിയുടെ സ്കൂട്ടർ കഴിഞ്ഞ ഡിസംബർ ആദ്യ വാരത്തിൽ മോഷണം പോയിരുന്നു. ഡിസംബർ അവസാന ആഴ്ചയിൽ ജോലിക്കു വന്ന ഷാഫി സ്‌കൂട്ടർ വടക്കേമണ്ണയിലെ സ്ഥാപനത്തിന്റെ മുൻപിൽ നിർത്തിയിട്ടിടത്തു നിന്നാണ് മോഷണം പോയത്.
മോഷണം പോകുന്ന സമയത്ത് കുറച്ച് പെട്രോൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മോഷണം നടന്ന ഉടനെ സ്ഥാപന ഉടമ മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സ്‌കൂട്ടർ കണ്ടെത്താനായിരുന്നില്ല. കാണാതാകുമ്പോൾ സ്‌കൂട്ടറിൽ പെട്രോൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.
സ്കൂട്ടർ തിരിച്ചുകിട്ടില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ കാണാതായ സ്‌കൂട്ടർ കടയുടെ മുൻവശത്ത് നിർത്തിയിട്ടതായി കണ്ടത്. ഫുൾടാങ്ക് പെട്രോൾ അടക്കം ആയിരുന്നു സ്കൂട്ടർ അവിടെ വെച്ചിരുന്നത്.
രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നു വന്ന യുവാവ് സ്‌കൂട്ടർ കടയുടെ മുൻവശത്തുവച്ചു മടങ്ങിപ്പോകുന്നതായി കണ്ടെത്തി. പെട്രോൾ അടക്കം സ്കൂട്ടർ ഒക്കെ കിട്ടിയെങ്കിലും സ്കൂട്ടർ ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഷാഫി. നല്ലവനായ കള്ളന് നന്ദി പറയുന്നവരും കുറവല്ല.