മോഷണശ്രമത്തിനിടെ എക്സ്സോസ്റ്റ് ഫാനിൽ കുടുങ്ങി കള്ളൻ
ജയ്പൂർ: അമ്പലദർശനം കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതികൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീടിന്റെ അടുക്കളയിലെ എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങി കിടക്കുന്ന ഒരു കള്ളൻ.
രാജസ്ഥാനിലെ കോട്ട നഗരത്തിലാണ് ഈ വിചിത്രമായ മോഷണശ്രമം നടന്നത്. സുഭാഷ് കുമാറും ഭാര്യയും വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി മോഷണം നടത്താനായിരുന്നു കള്ളന്റെ ശ്രമം.
അടുക്കളയിലെ എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെ അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.
മോഷണശ്രമത്തിനിടെ എക്സ്സോസ്റ്റ് ഫാനിൽ കുടുങ്ങി കള്ളൻ
കള്ളന്റെ തലയും കൈകളും വീടിനുള്ളിലായിരുന്നപ്പോൾ അരക്ക് താഴെയുള്ള ഭാഗം വീടിന് പുറത്തായി കുടുങ്ങിയ നിലയിലായിരുന്നു. മണിക്കൂറുകളോളം ഇയാൾ ഇങ്ങനെ തന്നെ ദ്വാരത്തിൽ കുടുങ്ങി കിടന്നതായാണ് വിവരം.
വീട്ടിലെത്തിയ ഉടൻ ദ്വാരത്തിൽ കുടുങ്ങിയ നിലയിൽ കള്ളനെ കണ്ട ദമ്പതികൾ ആദ്യം അമ്പരന്ന് നിലവിളിച്ചു. പിന്നീട് ഇയാളോട് ആരാണെന്ന് ചോദിച്ചപ്പോഴാണ് താൻ മോഷ്ടാവാണെന്ന് ഇയാൾ തന്നെ സമ്മതിച്ചത്.
പിടിക്കപ്പെടുമെന്നുറപ്പായതോടെ ദമ്പതികളെ ഭീഷണിപ്പെടുത്താനും കള്ളൻ ശ്രമിച്ചു. എന്നാൽ ഭീഷണിക്ക് വഴങ്ങാതിരുന്ന വീട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഏറെ ശ്രമത്തിനൊടുവിലാണ് കള്ളനെ എക്സോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞത്.
പൊലീസിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. പുറത്തെടുക്കുന്നതിനിടെ വേദനകൊണ്ട് കള്ളൻ കരയുന്നതും സഹായത്തിനായി നിലവിളിക്കുന്നതുമടങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രക്ഷപ്പെടുത്തിയ ശേഷം കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഒറ്റയ്ക്കല്ല, സംഘമായാണ് മോഷണത്തിനായി എത്തിയതെന്ന് പൊലീസ് കണ്ടെത്തി.
എന്നാൽ ഇയാൾ കുടുങ്ങിയതോടെ സംഘത്തിലെ മറ്റ് അംഗങ്ങൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണത്തിനായി ‘പൊലീസ്’ സ്റ്റിക്കർ പതിപ്പിച്ച കാറാണ് സംഘം ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.









