വന്ദേ ഭാരത് ട്രെയിൻ വൻ വിജയമായതോടെ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളും വന്ദേ ഭാരത് മെട്രോയും രംഗത്തിറക്കാൻ റെയിൽവേ ഒരുങ്ങുകയാണ്. ട്രെയിൻ ഗതാഗതത്തെ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്ന മറ്റു ചില സൂപ്പർ പദ്ധതികൾ കൂടിയുണ്ട്, അവ ഏതൊക്കെയെന്നറിയാം.
അമൃത് ഭാരത് എക്സ്പ്രസ്
സാധാരണക്കാർക്കായി ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്ന ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്. ടിക്കറ്റ് റിസർവ്വ് ചെയ്യാതെ യാത്ര ചെയ്യുന്നവരുടെ യാത്ര മികച്ച നിലവാരമുള്ളതാക്കി മാറ്റാൻ അമൃത് ഭാരത് എക്സ്പ്രസ് സഹായിക്കും. നോൺ എസി സെക്കൻഡ് ക്ലാസ് സ്ലീപ്പർ, ജനറൽ കംപാർട്ട്മെൻ്റ് യാത്രക്കാർക്കായാണ് അമൃത് ഭാരത് എക്സ്പ്രസ് വരുന്നത്.
പുതിയ ഇക്കണോമിക് കോറിഡോറുകൾ
ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് മികച്ച നീക്കങ്ങളാണ് ഇന്ത്യൻ റെയിൽവേ നടത്തുന്നത്. മൂന്ന് മികവുറ്റ ഇക്കണോമിക് കോറിഡോറുകൾ സ്ഥാപിക്കാനുള്ള നീക്കത്തിന് കാബിനറ്റിൻ്റെ അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണ് റെയിൽവേ. ആകെ 40,900 കിലോമീറ്റർ ദൂരമാണ് ഈ മൂന്ന് കോറിഡോറിലും കൂടി പ്രതീക്ഷിക്കുന്നത്.
ചെനാബ് പാലം
കാശ്മീരിനെയും ജമ്മുവിനെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉദ്ധംപൂർ – ശ്രീനഗർ – ബാരാമുല്ല റെയിൽ ലിങ്ക് പ്രൊജക്ടിൻ്റെ ഭാഗമായാണ് ഈ പാലം വരുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമാണ് ചെനാബ് നദിക്ക് മുകളിൽ വരുന്നത്.
ബുള്ളറ്റ് ട്രെയിൻ
ബുള്ളറ്റ് ട്രെയിനുകൾക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. മണിക്കൂറിൽ 300 കിലോമീറ്ററുകളോളം വേഗതയിൽ കുതിക്കുന്ന രാജ്യത്തിൻ്റെ ആദ്യ ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദ്-മുംബെെ കോറിഡോറിലാണ് വരുന്നത്.
പാമ്പൻ പാലം
ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമായ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം ഉടൻ നടന്നേക്കും. 535 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഈ പാലം ജൂണിൽ തുറന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വന്ദേ ഭാരത് സ്ലീപ്പർ
വന്ദേ ഭാരത് എന്ന പേര് ഇന്ത്യകാർക്ക് അധികം പരിചയപ്പെടുത്തേണ്ടി വരില്ല. നിലവിൽ വിജയകരമായി സർവ്വീസ് തുടരുന്ന വന്ദേ ഭാരത് എസി ട്രെയിനിന് പുറമേ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളും റെയിൽവേ കൊണ്ടുവരാൻ ഒരുങ്ങുകയണ്.