പുതുവത്സരത്തിൽ പുലിയെയും കടുവയേയും പേടിച്ച് ഇടുക്കിയിലെ ഈ പ്രദേശവാസികൾ
പുതുവത്സര ആഘോഷങ്ങൾക്ക് ഇടയിലും പുലിയെയും കടുവയേയും പേടിച്ച് കഴിയുകയാണ് ഇടുക്കി ഹൈറേഞ്ചിലെ ഏതാനും ഗ്രാമങ്ങൾ.
കാന്തല്ലൂർ കട്ടിയ നാട്ടിൽ കടുവയുടെ ആക്രമണത്തിൽ മൂന്നു പശുക്കൾ കൊല്ലപ്പെട്ടു.കട്ടിയ നാട് സ്വദേശികളും ക്ഷീരകർഷകരുമായ സെൽവിയുടെ ഒരു കറവപശുവും മണികണ്ഠന്റെ രണ്ടു കറവപശുക്കളെയുമാണ് കടുവ കൊന്നത്.
തീറ്റയ്ക്കായി സമീപത്തുള്ള പുല്ല് മേട്ടിൽ വിട്ടതാണ്. കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് പശുക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്.
വന്യമൃഗശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന കാന്തല്ലൂർ, മറയൂർ മേഖലയിൽ കടുവയുടെ ആക്രമണം ഗ്രാമവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരിയും കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട് മേഖലയിലും പുലിയെ കണ്ടതായി ജനങ്ങൾ പറയുന്നു.
കാമാക്ഷിയിലെ പുഷ്പഗിരിയിരിൽ ഞായറാഴ്ച രാത്രി ഏഴോടെ വാഹനത്തിൽ യാത്ര ചെയ്തവരാണ് രണ്ട് പുലിക്കുട്ടികളെ കണ്ടത്. ഇവർ പകർത്തിയതെന്ന് പറയപ്പെടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലർച്ചെ പുഷ്പഗിരി കുരിശുമലക്ക് സമീപത്തു നിന്നും പുലിയുടേതിന് സമാനമായ ഗർജനവും സമീപവാസികൾ കേട്ടു.
ഇതോടെ കുട്ടികളെ സ്‌കൂളിലക്കുവാനും കൃഷിയിടങ്ങളിൽ ജോലി ചെയ്യുവാനും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ്. വനം വകുപ്പുദ്യോഗസ്ഥരും പഞ്ചായ ത്തധികൃതരും സ്ഥലത്തെത്തി പുലിയെ പിടികൂടാൻ അടിയന്തിരമായി നടപടി എടുക്കണമെന്നാണ് ജനങ്ങളാവശ്യപ്പെടുന്നത്.
2023-ൽ ഇവിടെ പുലിയും കടുവയും ഇറങ്ങിയിരുന്നു. കടുവയെ പിന്നീട് വാഴവരയിലുള്ള എലത്തോട്ടത്തിലെ കുളത്തിൽ ചത്തനിലയിൽ കണ്ടെത്തി.
അക്കാലത്ത് തന്നെ തോപ്രാംകുടി മേഖലയിൽ പുലിയിറങ്ങി നിരവധി വർത്തുമൃഗങ്ങളെ കൊന്നുതിന്നതിനെ തുടർന്ന് പുലിയെ പിടിക്കാൻ വനം വകുപ്പ്കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല .
കഞ്ഞിക്കുഴി വട്ടോൻ പാറയിൽ തിങ്കളാഴ്ച രാത്രി ഓട്ടോ തൊഴിലാളി ഫിലിപ്പാണ് പുലിയെ കണ്ടത്. താൻ പുലിയെ കണ്ടതായി ഫിലിപ്പ് ജനങ്ങളെ അറിയിച്ചെങ്കിലും ആരും കാര്യമായി എടുത്തില്ല.
തുടർന്ന് അടുത്ത ദിവസങ്ങളിൽ പ്രദേശത്തെ നായ്ക്കളെ കാണാതായി. മഴുവടി അമ്പലക്കവല ഭാഗത്ത് നാട്ടുകാരിൽ ഒരാൾ പറമ്പിൽ പുലിയെ കണ്ടതായി അറിയിച്ചു.
അന്നു രാത്രി കുറ്റിയാനിക്കൽ റെജിയുടെ റബർ തോട്ടത്തിൽ മുള്ളൻ പന്നിയെ കൊന്നു ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കാണപ്പെട്ടു.
ഇതോടെ പുലിയിറങ്ങിയതായുള്ള സംശയം ബലപ്പെട്ടു. തുടർന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വാകച്ചുവട് ഭാഗത്ത് പുലി ഓടിപ്പോകുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടു. ഇതോടെ ജനങ്ങൾ ഭീതിയിലായി.
തുടർന്ന് കരിമണൽ വനം വകുപ്പ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചില്ല.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സംഭവ സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് കോവളം മോഹൻദാസ് ഉറപ്പ് നൽകി.
ക്യാമറയും കൂടും സ്ഥാപിച്ച് എത്രയും വേഗം പുലിയെ പിടി കൂടി ജനങ്ങളെ രക്ഷിക്കണമെന്നാണ് കഞ്ഞിക്കുഴിക്കാർ പറയുന്നത്.









