കൊച്ചി: യു.ഡി.എഫിൽ ലോക്സഭയിലെ മൂന്നാം സീറ്റ് ചർച്ച പോസിറ്റീവ് എന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. എന്നാൽ ഫെബ്രുവരി 27 വരെ കാത്തിരിക്കണമെന്നും കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു..
പാണക്കാട് ചേരുന്ന നേതൃയോഗത്തിൽ ഉഭയകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മൂന്നാം സീറ്റിൻറെ കാര്യത്തിൽ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാടിലാണ് മുസ്‍ലിം ലീഗ്. പറഞ്ഞുപഴകിയ ആവശ്യം ഇത്തവണയെങ്കിലും യുഡിഎഫ് നിറവേറ്റണമെന്ന ശക്തമായ സമ്മർദമാണ് ലീഗ് നടത്തുന്നത്. മത്സരിക്കുന്ന പതിനാറിൽ പതിനഞ്ചും സിറ്റിങ് സീറ്റുകളാണെന്നും എങ്ങനെ അതിലൊന്നു വിട്ടുകൊടുക്കാൻ കഴിയുമെന്നുമുള്ള കോൺഗ്രസിന്റെ ചോദ്യം ലീഗ് തള്ളുന്നില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുൻപും മുസ്‍ലിം ലീഗ് വ്യക്തമാക്കിയിരുന്നു. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നായിരുന്നു യോഗത്തിനു മുൻപ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത്.