താൻ എൻഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിൻറെ ഗുണം കോൺഗ്രസ് പാർട്ടിക്കാണെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കിയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിൻറെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചുവെന്നും എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് തൻറെ മുന്നിലുള്ള അടുത്ത ലക്ഷ്യമെന്നും പാർട്ടി ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.