പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി ശിക്ഷ ഇന്ന് വിധിക്കും. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർക്കുള്ള ശിക്ഷയാണ് കോടതി ഇന്ന് വിധിക്കുക. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.(thenkurissi honor killing case; verdict today)
ഇതര ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ശിക്ഷയിൽ പ്രതിഭാഗം ഇളവ് തേടിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
എന്നാൽ പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നമെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ആണ് ഇരു പ്രതികളും കോടതിക്ക് മുൻപാകെ പറഞ്ഞത്. ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 88-ാം ദിവസമാണ് ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.
അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.